കൊലപാതകം എന്താണെന്ന് അറിയാൻ യുകെയില്‍ 20കാരനായ ക്രിമിനോളജി വിദ്യാര്‍ഥി 34കാരിയെ കൊലപ്പെടുത്തി. ജീവനെടുക്കുന്നത് എങ്ങനെയെന്ന അറിയാനുള്ള കൗതുകത്തിന്റെ പുറത്ത് സൂക്ഷ്മമായാണ് വിദ്യാര്‍ഥി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
മേയ് 24ന് ബോണ്‍മൗത്തിലാണ് സംഭവം നടന്നത്. 34കാരിയായ ആമി ഗ്രേയെ കൊലപ്പെടുത്തിയതിന് ക്രോയ്‌ഡോണില്‍ നിന്നുള്ള നസെന്‍ സൗദിക്കെതിരേയാണ് കൊലപാതക കുറ്റം ചുമത്തിയത്. ഇതുകൂടാതെ, 38കാരിയായ മറ്റൊരു യുവതി ലിയാനിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും നസെനെതിരേ കേസെടുത്തു.
ഏകദേശം ഒരു മാസത്തോളം തയ്യാറെടുപ്പുകള്‍ നടത്തിയശേഷമാണ് താൻ കൊലപാതകം നടത്തിയതെന്ന് നാസെന്‍ വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയെ അറിയിച്ചു. നാസെന്റെ പ്രവര്‍ത്തി ‘അങ്ങേയറ്റം ക്രൂരവും ഭയപ്പെടുത്തുന്നതുമാണെന്ന്’ പ്രോസിക്യൂട്ടര്‍ സാറാ ജോണ്‍സ് കെസി വിശേഷിപ്പിച്ചു.
”സ്ത്രീകളെ ഭയപ്പെടുത്തുന്നതും ജീവനെടുക്കുന്നതും എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ നാസെന്‍ ആഗ്രഹിച്ചിരുന്നിരിക്കണം. ഒരു പക്ഷേ അത് തന്നെ ശക്തനാക്കുമെന്നോ രസിപ്പിക്കുമെന്നോ അയാള്‍ കരുതിയിരിക്കണം,” ജോണ്‍സ് പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ടു ചെയ്തു.
ഏറ്റവും മാരകമായി കൊലപാതകം നടത്താനുള്ള കത്തി, ശസ്ത്രക്രിയയ്ക്കുള്ള കത്തി, സിസിടിവി ഇല്ലാത്ത ഹോട്ടലുകള്‍ തുടങ്ങിയവ നാസെന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി കണ്ടെത്തി. യൂണിവേഴ്‌സിറ്റി ക്ലാസുകളില്‍ പങ്കെടുത്ത ഇയാള്‍ ഫൊറന്‍സിക് തെളിവുകളെക്കുറിച്ചും സ്വയം പ്രതിരോധിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നില്ലല്ലോ അല്ലേ’ എന്ന് ലക്ചറര്‍ തമാശയായി ചോദിച്ചെങ്കിലും അതിന് നസെൻ മറുപടിയൊന്നും നല്‍കിയിരുന്നില്ല
ആക്രമണം നടത്തിയ രാത്രിയില്‍ നസെന്‍ ബൗണ്‍മൗത്തില്‍ ഒരു ട്രാവല്‍ലോഡ് ബുക്ക് ചെയ്തിരുന്നു. അതിന് ശേഷം കടുത്ത കത്തിയാക്രമണം ഉള്‍പ്പെടുന്ന സിനിമയായ ദി സ്‌ട്രേഞ്ചേഴ്‌സ്-ചാപ്റ്റര്‍ 1 കണ്ടു. ഇത് ആക്രമണത്തിന് പ്രചോദനമായിരിക്കാമെന്ന് പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെട്ടു.
ആക്രമണം നടക്കുന്നതിന് തൊട്ട് മുമ്ബ് ദുര്‍ലി ചൈന്‍ ബീച്ചില്‍ ആമിയും ലിയാനും ക്യാംപ് ഫയര്‍ ആസ്വദിക്കുകയായിരുന്നു. ഇവരെ നസെന്‍ രഹസ്യമായി സമീപിച്ചു. ആക്രണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആമിയെയും ലിയാനെയും കത്തിയുപയോഗിച്ച് നാസെൻ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആമി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ലിയാനിന് നെഞ്ചിലും മുതുകിലും ഒന്നിലധികം കുത്തുകളേറ്റെങ്കിലും മരണത്തെ അതിജീവിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള നടപ്പാതയിലേക്ക് ലിയാന്‍ ഓടിക്കയറി. എന്നാല്‍, തന്റെ ഉപദ്രവിക്കരുതെന്നും തനിക്ക് കുട്ടികളുണ്ടെന്നും ആമി നാസെനോട് അഭ്യര്‍ത്ഥിക്കുന്നത് കേട്ടതായി ലിയാനി പറഞ്ഞു. ആക്രമണത്തിന് ശേഷം നാസെന്‍ കത്തി ഒളിപ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറ്റി ഒളിവില്‍ പോകാന്‍ ശ്രമിക്കുകയും ചെയ്തു. തനിക്കെതിരേ ചുമത്തിയ, കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ നാസെന്‍ നിഷേധിച്ചു.