നാടിന് ഭീഷണിയായി ക്വാറി; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍

 പരിസ്ഥിതിക്കും ജനജീവിതത്തിനും ഭീഷണിയായി പ്രവർത്തിക്കുന്ന ക്വാറിക്കെതിരേ പരാതി നല്‍കിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന പരാതിയുമായി നാട്ടുകാർ.

വാഴക്കാട് ആക്കോട് അമ്ബലക്കുഴിയിലെ പ്രദേശവാസികളാണ് ക്വാറിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസിലെത്തിയത്.

എ.ഡി.എം., ജില്ലാ പോലീസ് മേധാവി, മോട്ടോർ വാഹനവകുപ്പ് എന്നിവർക്കും പരാതിനല്‍കി. രണ്ട് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം കാരണം വീടിന് വിള്ളല്‍, റോഡിന്റെ ശോച്യാവസ്ഥ, പൊടിശല്യം, മറ്റ് മലിനീകരണങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്ന‌ങ്ങളാണ് നേരിടേണ്ടിവരുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും ക്വാറി പ്രവർത്തിക്കുന്ന സ്ഥലം സന്ദർശിക്കാൻപോലും അധികാരികള്‍ വന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. സർക്കാർ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും ക്വാറിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് വിവരാവകാശം നല്‍കി ദിവസങ്ങളായിട്ടും മറുപടി കിട്ടിയില്ലെന്നും നാട്ടുകാർ പറയുന്നു.
ക്വാറിയുടെ തൊട്ടടുത്തുള്ള അമ്ബലവും പള്ളിയും ജനവാസമേഖലയും മറച്ചുവെച്ചാണ് ക്വാറിക്ക് അനുമതി വാങ്ങിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

സ്ത്രീകളും കുട്ടികളുമടക്കം 35 പേരാണ് പരാതിയുമായെത്തിയത്.
നൂറിലധികം പേർ ഒപ്പിട്ട മാസ് പെറ്റീഷന് പുറമേ വ്യക്തിപരമായ 13 പരാതികളും ജിയോളജി ഓഫീസർക്ക് കൈമാറി. ഇത് സൂചനാസമരം മാത്രമാണെന്നും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി വീണ്ടുമെത്തുമെന്നും ജനകീയ സമരസമിതി കണ്‍വീനർ മുസ്തഫ കരിക്കാട്ടുകുഴി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *