ശാരീരിക ബുദ്ധിമുട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ഡോളി സൗകര്യംഉറപ്പാക്കണം: ഹൈക്കോടതി

ശാരീരിക ബുദ്ധിമുട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ഡോളി സൗകര്യം ഉറപ്പാക്കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍േദശിച്ചു.

തിരുവനന്തപുരം പാലോട് സ്വദേശി ദിവ്യാംഗന്‍ സജീവിന് പോലീസ് ഡോളി നിഷേധിച്ചതില്‍ ഇടപെട്ടാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

ഇത്തരക്കാര്‍ക്ക് ഡോളിയെത്തിക്കാനുള്ള സംവിധാനമൊരുക്കണം. പോലീസും ദേവസ്വം ബോര്‍ഡും ഇക്കാര്യം ഉറപ്പാക്കണം. ശാരീരിക അവശതയുള്ളവരുടെ വാഹനങ്ങള്‍ നിലയ്‌ക്കല്‍ പിന്നിടുമ്ബോള്‍തന്നെ പോലീസ് പമ്ബയിലേക്കു വിവരങ്ങള്‍ കൈമാറണം. ഇതനുസരിച്ച്‌ ആവശ്യമായ ഡോളികള്‍ സജ്ജമാക്കണം. ശാരീരിക അവശത അനുഭവിക്കുന്ന ഭക്തര്‍ക്ക് മല കയറാന്‍ എല്ലാ സൗകര്യവും ഒരുക്കണമെന്നും ഇക്കാര്യങ്ങളില്‍ പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തു വീഴ്ചയുണ്ടാകരുതെന്നും കോടതി പറഞ്ഞു.

സജീവന് ഡോളി നിഷേധിച്ചതില്‍ കോടതി കഴിഞ്ഞ ദിവസം ബോര്‍ഡിനോട് വിശദീകരണം ചോദിച്ചിരുന്നു. സജീവന്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഡോളി കൊണ്ടുപോകുന്നത് പോലീസ് തടയുകയായിരുന്നു. നടുറോഡില്‍ തോര്‍ത്തുവിരിച്ച്‌ കിടക്കുമെന്ന് സജീവന്‍ പറഞ്ഞതോടെയാണ് ഡോളി കടത്തി വിട്ടത്. ഭക്തന് മല കയറാന്‍ ഡോളി ലഭിച്ചില്ലെന്നു സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ കര്‍ശന നിര്‍ദേശം.

സജീവന് പോലീസ് ഡോളി നിഷേധിച്ചത് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *