നടി അനുശ്രീയുടെ അച്ഛന്റെ കാര്‍ മോഷ്ടിച്ച്‌ നമ്ബര്‍ പ്ലേറ്റ് മാറ്റി പലയിടങ്ങളിലായി കറങ്ങി നടന്ന് മോഷണം; ഒടുവില്‍ പ്രതി പിടിയില്‍

നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ച്‌ നമ്ബർ പ്ലേറ്റ് മാറ്റി പലയിടങ്ങളിലായി കറങ്ങി നടന്ന് മോഷണം നടത്തിയിരുന്നയാളെ പിടികൂടി പൊലീസ്.

തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ ആർ പ്രബിൻ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 94,000 രൂപയും മോഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെടുത്തു. സംസ്ഥാനത്ത് പലയിടങ്ങളിലായി ഇയാള്‍ക്കെതിരെ മോഷണക്കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അനുശ്രീയുടെ അച്ഛൻ മുരളീധരൻ പിള്ളയുടെ പേരിലുള്ള കാറാണ് ഇഞ്ചക്കാട്ടെ സെക്കന്റ് ഹാൻഡ് കാർ വില്‍പ്പന ഷോറൂമില്‍ നിന്ന് കഴിഞ്ഞ 7ാം തിയതി മോഷണം പോയത്. മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്തേക്ക് പോയ പ്രബിൻ കടയ്‌ക്കലില്‍ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ നമ്ബർപ്ലേറ്റ് ഇളക്കിയെടുത്ത് ഈ കാറില്‍ പിടിപ്പിച്ചു. അതിന് ശേഷം വെള്ളറടയില്‍ റബർ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 5000 കിലോയിലേറെ റബർ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. ഈ ഷീറ്റ് മറ്റൊരിടത്ത് കൊണ്ടുപോയി വിറ്റു. അതിന് ശേഷം വാഹനവുമായി പത്തനംതിട്ട പെരിനാട്ടെത്തുകയും ഇവിടെ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബർ ഷീറ്റ് മോഷ്ടിക്കുകയും ചെയ്തു. ഇത് പൊൻകുന്നത്ത് വിറ്റു. ഈ പണവുമായി പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പാലായില്‍ വച്ച്‌ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായി.

ഇതോടെ ഇയാള്‍ കാർ വഴിയരികില്‍ നിർത്തിയിട്ട ശേഷം ബസില്‍ തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങി. തിരുവനന്തപുരത്ത് ഇയാളുടെ സ്വന്തം മോട്ടോർ സൈക്കിള്‍ വച്ചിരുന്നു. ഇതുമായി മറ്റൊരിടത്തേക്ക് പോകുന്നതിനിടെ കൊട്ടാരക്കരയില്‍ വച്ച്‌ പൊലീസ് പിടികൂടുകയായിരുന്നു. വാഹനമോഷണം പ്രബിന്റെ സ്ഥിരം പരിപാടിയാണെന്നും, റോഡരികില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഇയാള്‍ ഇന്ധനം മോഷ്ടിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. പകല്‍ മോട്ടോർ സൈക്കിളില്‍ കറങ്ങി നടന്ന ശേഷം മോഷ്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. മോഷ്ടിച്ച ശേഷം കാറിന്റെ നമ്ബർപ്ലേറ്റ് മാറ്റുന്നതും പതിവായിരുന്നു. പ്രബിനെ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *