യുവേഫ ചാമ്ബ്യൻസ് ലീഗില്‍ നിലവിലെ ചാമ്ബ്യൻമാരായ റയല്‍ മാഡ്രിഡിനും പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനും വിജയം.
ഇറ്റാലിയൻ ക്ലബായ അറ്റലാന്റ ഉയർത്തിയ കനത്ത വെല്ലുവിളി 3-2നാണ് റയല്‍ മറികടന്നത്. മുഹമ്മദ് സലാഹിന്റെ പെനല്‍റ്റി ഗോളിലാണ് ലിവർപൂള്‍ ജിറൂണയെ തോല്‍പ്പിച്ചത്. മറ്റു മത്സരങ്ങളില്‍ ശക്തരായ ബയേണ്‍ ഷാക്തറിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കും പി.എസ്.ജി ആബി സാല്‍സ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും തോല്‍പ്പിച്ചു.
അറ്റലാന്റയുടെ തട്ടകത്തില്‍ പത്താം മിനുറ്റില്‍ എംബാപ്പെയിലൂടെ റയലാണ് മുന്നിലെത്തിയത്. തുടർന്ന് ചാള്‍സ് ഡെ കെറ്റലേരെയിലൂടെ അറ്റലാന്റ തിരിച്ചടിച്ചു. തുടർന്ന് 56ാം മിനുറ്റില്‍ വിനീഷ്യസ് ജൂനിയർ, 59ാം മിനുറ്റില്‍ ജൂഡ് ബെല്ലിങ് ഹാം എന്നിവരിലൂടെ റയല്‍ ലീഡെടുത്തു. 65ാം മിനുറ്റില്‍ അഡമോല ലുക്മാനിലൂടെ അറ്റലാന്റ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും സമനില ഗോളിലേക്ക് എത്താനായില്ല. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമെല്ലാം ഇറ്റാലിയൻ ക്ലബാണ് മുന്നിട്ടുനിന്നത്.
ചാമ്ബ്യൻസ് ലീഗിലെ തങ്ങളുടെ തുടർച്ചയായ ആറാം ജയമാണ് ജിറൂണക്കെതിരെ ലിവർപൂള്‍ നേടിയത്. 63ാം മിനുറ്റിലെ മുഹമ്മദ് സലാഹിന്റെ പെനല്‍റ്റി ഗോളാണ് ചെമ്ബടക്ക് തുണയായത്. ആറില്‍ ആറും ജയിച്ച ലിവർപൂള്‍ 18 പോയന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇന്ററിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ലെവർക്യൂസണാണ് 13 പോയന്റുമായി രണ്ടാമതുള്ളത്.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അഞ്ചാം മിനുറ്റില്‍ നേടിയ ഗോളില്‍ ഷാക്തർ ബയേണിനെ ഞെട്ടിച്ചാണ് തുടങ്ങിയത്. എന്നാല്‍ 11ാം മിനുറ്റില്‍ കൊന്റാഡ് ലൈമർ ബയേണിനായി തിരിച്ചടിച്ചു. 45ാം മിനുറ്റില്‍ വെറ്ററൻ താരം തോമസ് മുള്ളർ ബയേണിന് ലീഡ് നല്കി. രണ്ടാം പകുതിയില്‍ മൈക്കല്‍ ഒലിസിന്റെ ഇരട്ട ഗോളിലും ജമാല്‍ മുസിയാലയുടെ ഗോളിലും ബയേണ്‍ സമ്ബൂർണ ആധിപത്യം പുലർത്തുകയായിരുന്നു.
ഇഞ്ചോടിഞ്ച് പോരില്‍ ആർ.ബി ലെപ്സിഷിനെ ആസ്റ്റണ്‍ വില്ല വീഴ്ത്തി. 85ാം മിനുറ്റില്‍ റോസ് ബാർക്ലിയാണ് ആസ്റ്റണ്‍ വില്ലക്ക് ആസ്റ്റണ്‍ വില്ലക്കായി വിജയഗോള്‍ നേടിയത്.