കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടന്‍നടയിലെ കുടുംബവീട്ടില്‍ മോഷണം. കൊല്ലം മാടനടയിലെ വീട്ടിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദരപുത്രനും കുടുംബവും വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
ഇരുവരും വീട്ടില്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ മതില്‍ ചാടി കടന്നുപോകുന്നത് കണ്ടുവെന്നും പിന്നീട് നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്ബ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് വിവരം. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സിസിടിവി കാമറകളും മറ്റും പരിശോധിച്ചു. സംഭവത്തില്‍ സംശയമുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവര്‍ സ്ഥിരം മോഷ്ടാക്കളാണെന്ന് പറയുന്നു. അതേസമയം, ഇവരാണോ മോഷണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.