തലച്ചോറില്‍ രക്തസ്രാവം; ബ്രസീല്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ബ്രസീല്‍ പ്രഡിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാവോ പോളോയിലെ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ശസ്ത്രക്രിയ പൂർത്തിയായെന്നും നിലവില്‍ അദ്ദേഹം തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ലുല തലയടിച്ചു വീണിരുന്നു. പിന്നാലെയാണ് രക്തസ്രാവം ഉണ്ടായത്. പിന്നാലെ ആഴ്ചകള്‍ കഴിഞ്ഞിട്ടും കടുത്ത തലവേദനയടക്കം ഉണ്ടായതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ അദ്ദേഹത്തോട് ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയ പൂർത്തിയായ അദ്ദേഹം
ഇപ്പോഴും നിരീക്ഷണത്തിലാണ്.നാല്‍പ്പത്തിയെട്ട് മണിക്കൂർ നേരത്തേക്കാണ് അദ്ദേഹത്തിന് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഒക്‌ടോബറിലെ വീഴ്ചയ്ക്ക് ശേഷം ലുലയുടെ ആരോഗ്യ സ്ഥിതിയില്‍ വലിയ ആശങ്കയാണ് ഉയർന്നത്. അനാരോഗ്യം മൂലം അദ്ദേഹം ഔദ്യോഗിക യാത്രകള്‍ അടക്കം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില പെട്ടെന്ന് മോശമായതിനെ തുടർന്ന് ഔദ്യോഗിക യോഗം അടക്കം അദ്ദേഹം ഇടയ്ക്കുവച്ച്‌ അവസാനിപ്പിച്ചിരുന്നു.

അതിനിടെ തലസ്ഥാനമായ ബ്രസീലിയയിലേക്ക് മടങ്ങാനുള്ള പദ്ധതി വൈസ് പ്രസിഡൻ്റ് ജെറാള്‍ഡോ അല്‍ക്ക്മിൻ ചൊവ്വാഴ്ച റദ്ദാക്കി. പ്രസിഡന്റ് ചികിത്സയില്‍ തുടരുന്ന സാവോ പോളോയില്‍ തുടരാനാണ് ഇപ്പോള്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. അതേസമയം പ്രസിഡന്റിന്റെ ചുമതലകള്‍ വൈസ് പ്രസിഡന്റിന് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ ഇതുവരെ ചർച്ചയ്ക്ക് വന്നിട്ടില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *