വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) നേതാവ് ചെന്നമനേനി രമേശിന് തിരിച്ചടി.
ജര്‍മന്‍ പൗരനായിരിക്കേ ഭാരത പൗരനെന്ന് വ്യാജരേഖ ചമച്ച് ഇയാള്‍ മത്സരിക്കുകയും നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വിദേശ പൗരനായിരിക്കെ ഭാരതത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കുറ്റമെന്നും അതില്‍ 30 ലക്ഷം പിഴ അടയ്‌ക്കാനും തെലങ്കാന ഹൈക്കോടതി വിധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെമുലവാഡ സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആദി ശ്രീനിവാസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ജര്‍മന്‍ പൗരത്വമില്ലെന്ന് ജര്‍മന്‍ എംബസിയില്‍ നിന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രമേശ് അതില്‍ പരാജയപ്പെട്ടെന്ന് കോടതി അറിയിച്ചു. 2023 വരെ സാധുതയുള്ള ജര്‍മന്‍ പാസ്‌പോര്‍ട്ട് രമേശിന് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചു. ഇയാള്‍ പലതവണ ജര്‍മനിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും ജര്‍മന്‍ പൗരത്വം ഉണ്ടായിരുന്നിട്ടും ഇക്കാര്യം മറച്ചുവച്ച് വെമുലവാഡ എംഎല്‍എ ആയിരുന്നെന്നും ഹൈക്കോടതിയിലെ ജസ്റ്റിസ് ബി. വിജയ്‌സെന്‍ റെഡ്ഡി ചൂണ്ടിക്കാട്ടി. പിഴ ഒടുക്കേണ്ട 30 ലക്ഷത്തില്‍ 25 ലക്ഷം രൂപ ശ്രീനിവാസന് നല്കണം. ബാക്കി അഞ്ച് ലക്ഷം തെലങ്കാന സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും അടയ്‌ക്കണം.
ഭാരതത്തില്‍ ഇരട്ട പൗരത്വത്തിന് വിലക്കുണ്ട്. ഭാരത പൗരത്വം നേടണമെങ്കില്‍ അപേക്ഷിക്കുന്ന തീയതിക്ക് മുമ്ബ് 12 മാസമെങ്കിലും അയാള്‍ ഇവിടെ താമസിച്ചിട്ടുണ്ടാകണം. ഭാരതീയനല്ലാത്തവര്‍ക്ക് ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ
വോട്ടുചെയ്യാനോ കഴിയില്ല. 2008ല്‍ ഭാരതത്തിലെത്തിയ അദ്ദേഹം പൗരത്വത്തിനുള്ള അപേക്ഷ നല്കി. അടുത്തവര്‍ഷം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ അപേക്ഷ അംഗീകരിച്ചു. ഇതോടെ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) സ്ഥാനാര്‍ത്ഥിയായി രമേശ് വെമുലവാഡ സീറ്റില്‍ നിന്ന് വിജയിച്ചു. 2010-ല്‍ അദ്ദേഹം ബിആര്‍എസില്‍ ചേരുകയും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുകയും ചെയ്തു. 2014ലും, 2018ലും ഇയാള്‍ വെമുലവാഡയില്‍ നിന്ന് തന്നെ മത്സരിച്ച് ജയിച്ചു. 2020 ലാണ് ഇദ്ദേഹത്തിന്റെ ഭാരത പൗരത്വം റദ്ദാക്കിയത്.