ശക്തരോടിനി സൗഹൃദം, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതായി ഡോണള്‍ഡ് ട്രംപിൻ്റെ വെളിപ്പെടുത്തല്‍

അമേരിക്കയും ചൈനയും തമ്മില്‍ നിലനിന്നിരുന്ന വിദ്വേഷത്തിൻ്റെ മഞ്ഞുരുക്കുമെന്ന സൂചന നല്‍കി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.

കഴിഞ്ഞ ദിവസം എൻബിസിയുടെ മീറ്റ് ദി പ്രസ് അഭിമുഖത്തില്‍ നടത്തിയ ട്രംപിൻ്റെ വെളിപ്പെടുത്തലാണ് ലോക നേതാക്കളുടെ രാഷ്ട്രീയ ചർച്ചകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്.

അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാന ലോക നേതാക്കളുമായെല്ലാം ആശയവിനിമയം നടത്തിയ ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ഇതുവരെയും ആശയവിനിമയം നടത്തിയിരുന്നില്ല. പകരം, ചൈനക്കെതിരെയുള്ള തങ്ങളുടെ നിലപാട് ഒന്നുകൂടി കടുപ്പിക്കുമെന്ന സൂചനകളും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് നല്‍കിയിരുന്നു. എന്നാല്‍, ഈ സാഹചര്യങ്ങളെയെല്ലാം തകിടം മറിക്കുന്നതാണ് ട്രംപിൻ്റെ പുതിയ വെളിപ്പെടുത്തല്‍. ‘എനിക്ക് പ്രസിഡൻ്റ് ഷിയുമായി വളരെ നല്ല ബന്ധമുണ്ട്.

ഞാൻ ആശയവിനിമയം തുടരുന്നു’, എന്നായിരുന്നു തായ്‌വാൻ ആക്രമിക്കുന്നതിനായി കോപ്പുകൂട്ടുന്ന ചൈനയുടെ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി ട്രംപ് പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം ഷിയുമായി ബന്ധപ്പെട്ടോ എന്ന ചോദ്യത്തിന് “ഞാൻ മൂന്ന് ദിവസം മുമ്ബ് ആശയവിനിമയം നടത്തിയിരുന്നു” എന്നും ട്രംപ് മറുപടി നല്‍കി.

പക്ഷേ, എപ്പോഴാണ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതെന്നോ എന്തായിരുന്നു ചർച്ചയുടെ ഉള്ളടക്കമെന്നോ സംബന്ധിച്ച വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. 2019 ജൂണില്‍ ജപ്പാനില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു ഷി ജിൻപിങ്ങും ട്രംപും അവസാനമായി കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *