സിറിയയില്‍ തീവ്രവാദി സംഘമായ എച്ച്‌ടിഎസ് വിമതർ ഭരണം പിടിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍.
തലസ്ഥാനമായ ഡമാസ്കസ് ഉള്‍പ്പെടെയുള്ള നാലു പ്രധാന നഗരങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഡമാസ്കസിന് പുറമേ തുറമുഖ നഗരമായ ലതാകിയയും ദാരയും ആക്രമിക്കപ്പെട്ടു. വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രയേലിന്‍റെ ആക്രമണമുണ്ടായി. വടക്കുകിഴക്കൻ സിറിയയിലെ ഖാമിഷ്‌ലി വിമാനത്താവളം, ഹോംസിന്‍റെ പ്രാന്തപ്രദേശത്തുള്ള ഷിൻഷാർ താവളം, തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്‌റബ വിമാനത്താവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
ഹെലികോപ്ടറുകള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവ സജ്ജമാക്കിയിരുന്ന മൂന്ന് സൈനിക താവളങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തിയെന്ന് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.