ജീവനക്കാരെ സ്ഥലംമാറ്റി; വടകര ആര്‍.എം.എസ് ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തി

വടകര മേഖലയില്‍ തപാല്‍ ഉരുപ്പടികളുടെ കൈമാറ്റം സുഗമമാക്കുന്നതിന് തുടങ്ങിയ റെയില്‍വേ മെയില്‍ സർവിസ് (ആർ.എം.എസ്) ഓഫിസിന്റെ പ്രവർത്തനം നിർത്തി.

ജീവനക്കാരെ സ്ഥലംമാറ്റി. പ്രവർത്തനം നിർത്തിയതോടെ റെയില്‍വേ വഴി എത്തിയിരുന്ന തപാല്‍ ഉരുപ്പടികള്‍ തിങ്കളാഴ്ച എത്തിയില്ല.

ഇനി മുതല്‍ വടകര മേഖലയിലെ തപാല്‍ ഉരുപ്പടികളുടെ വേർതിരിക്കല്‍ കോഴിക്കോട് കേന്ദ്രീകരിച്ച്‌ നടക്കും. വടകരയിലെ ഓഫിസില്‍ 30 ജീവനക്കാരാണുണ്ടായിരുന്നത്.

ഇതില്‍ ഓഫിസിലെ 15 സ്ഥിരം ജീവനക്കാരെ കോഴിക്കോട് ഓഫിസിലേക്ക് മാറ്റുകയും 15 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയുമുണ്ടായി. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരില്‍ 20 വർഷത്തോളം ജോലി ചെയ്തവരുമുണ്ട്.

തപാല്‍ ഉരുപ്പടികളുടെ നീക്കം അവസാനിച്ചെങ്കിലും അഡ്മിനിസ്ട്രേഷൻ ഓഫിസ് എന്ന നിലയില്‍ ഒരാളെ നിലനിർത്തി. ഞായറാഴ്ച ഓഫിസ് സാമഗ്രികള്‍ മാറ്റുന്നത് സംയുക്ത തൊഴിലാളി യൂനിയൻ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. കെ.കെ. രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചർച്ചയില്‍ പരീക്ഷ പേപ്പറുകളുടെ കെട്ടുകളും ഒരു കമ്ബ്യൂട്ടറും കൊണ്ടുപോകാൻ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഇതിന്റെ മറവില്‍ മറ്റ് സാധനങ്ങളും കോഴിക്കോട് ഓഫിസിലേക്ക് മാറ്റുകയായിരുന്നു. വടകരയിലെ ഓഫിസ് നിർത്തുന്നതോടെ ഇനി മുതല്‍ എം.എം.എസാണ് (മോട്ടോർ മെയില്‍ സർവിസ്) അവലംബിക്കുക. എം.എം.എസ് വഴിയാവുമ്ബോള്‍ തപാല്‍ ഉരുപ്പടികളുടെ നീക്കം മന്ദഗതിയിലാവും.

രജിസ്ട്രേഡ് പോസ്റ്റുകള്‍ ഉള്‍പ്പെടെ കോഴിക്കോട്ട് എത്തി വേണം തിരിച്ച്‌ ആളുകളുടെ കൈകളിലെത്താൻ. ആറ് ട്രെയിനുകളിലൂടെ 20 ഓളം ആർ.എം.എസ് ഓഫിസുകളില്‍നിന്നും നാല് മെയില്‍ വാനുകളിലുമായി 20,000-25,000 സാധാരണ ഉരുപ്പടികളും 2500 രജിസ്ട്രേഡ് കത്തുകളും നൂറുകണക്കിന് സ്പീഡ് പാർസല്‍ ബാഗുകളും എത്തുകയും അവ തരംതിരിച്ച്‌ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നതില്‍ വടകര ആർ.എം.എസ് മുഖ്യപങ്കാണ് വഹിച്ചിരുന്നത്.

ആർ.എം.എസ് ഓഫിസുകളുടെ പദവിയുയർത്തി ഇന്റർ സർക്കിള്‍ ഹബ്ബു(ഐ.സി.എച്ച്‌) കളാക്കി ഉയർത്താൻ എം.പി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിശദമായ റിപ്പോർട്ട് തിങ്കളാഴ്ചക്കകം നല്‍കാൻ മന്ത്രാലയം കേരള സർക്കിള്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു ഇതിനിടെയാണ് ഓഫിസിന്റെ പ്രവർത്തനം നിർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *