കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം, അമ്മയുടെ പരാതിയില്‍ വാര്‍ഡനെതിരെ കേസ്

 കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വാർഡനെതിരെ കേസെടുത്തു.

മകളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥി ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാർഡന്റെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തില്‍ വാർഡനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർത്ഥികള്‍ ഉന്നയിച്ചത്. ചൈതന്യ സുഖമില്ലാതെയിരുന്നപ്പോള്‍ ഭക്ഷണം കൊടുക്കാൻ പോലും വാർഡൻ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസികപീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തസമ്മർദ്ദം കുറയുന്നത് ഉള്‍പ്പടെ അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

വാർഡൻ ഉള്‍പ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രവർത്തകർ ഇന്നലെ രാവിലെ മൻസൂർ ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. ആശുപത്രിക്ക് മുന്നില്‍ ഉപരോധം സൃഷ്ടിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ എസ്‌എഫ്‌ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും മാർച്ച്‌ നടത്തി. ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസുമായി സംഘർഷമുണ്ടായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോൻ ജോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *