ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമത്താവളം എന്ന ബഹുമതി ഇനിമുതല്‍ ഭാരതത്തിലെ ന്യോമ എയര്‍ബേസിന്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം 13,000 അടി ഉയരത്തിലാണ് ന്യോമ എയര്‍ബേസ് നിര്‍മിച്ചിച്ചത്.
പരീക്ഷണ പറക്കലിന് ന്യോമ സജ്ജമായിക്കഴിഞ്ഞു. ഡിസംബറില്‍ ആദ്യ വിമാനം പറന്നു ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിര്‍ത്തിയിലെ ഏത് അടിയന്തര സാഹചര്യവും നേരിടുന്ന വിധത്തിലാണ് ഈ എയര്‍ബേസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മൂന്ന് കിലോമീറ്റര്‍ റണ്‍വേയാണ് എയര്‍ബേസിന്റെ പ്രത്യേകത. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സുഖോയ്, റഫേല്‍ തുടങ്ങിയ യുദ്ധവിമാനങ്ങളും സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് പോലുള്ള ഹെവി-ലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും കൈകാര്യം ചെയ്യാനും ന്യോമയ്‌ക്ക് കഴിയും.
ഡെംചോക്ക്, ഡെപ്സാങ് എന്നീ രണ്ട് തര്‍ക്ക മേഖലകളിലും കരാര്‍ പ്രകാരം ചൈന സേന പിന്മാറ്റം നടത്തിയ സാഹചര്യത്തിലാണ് ഭാരതം എയര്‍ബേസ് പ്രവര്‍ത്തനം സജ്ജമാക്കുന്നത്. ലഡാക്ക് അതിര്‍ത്തിയിലെ ന്യോമ വ്യോമതാവളം അടിയന്തര ഘട്ടത്തില്‍ ദ്രുതഗതിയിലുള്ള സേനാ വിന്യാസത്തിന് ഭാരതത്തിന് കരുത്തേകും.