ദിലീപിന്റെ ശബരിമല ദര്‍ശനം; സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടന്‍ ദിലീപും സംഘവും വിഐപി പരിഗണനയില്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷ്യല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് നല്‍കും.

ദേവസ്വം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടീവ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. നടന്‍ ദിലീപിനൊപ്പം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് വിഐപി ദര്‍ശനം നേടിയത്.

ഇതിലാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദീകരണം നല്‍കുന്നത്. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനുട്ടിലേറെ മുന്‍നിരയില്‍ നിന്നാണ് ദിലീപും വിവാദ സംഘാംഗങ്ങളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയുടെ അടിസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *