മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോരുത്തോട് പാതയിൽ കോസടിക്ക് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തമിഴ്‌നാട് ഈറോഡ് സ്വദേശികളായ 17 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്.പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടുത്തിടെ കൊല്ലം ആര്യങ്കാവിലും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് വലിയ അപകടം ഉണ്ടായിരുന്നു. സംഭവത്തിൽ തമിഴ്‌നാട് സേലം സ്വദേശിയായ തീർത്ഥാടകൻ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്.അതേസമയം, മണ്ഡലകാലപൂജകൾക്കായി നടതുറന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കിനാണ് ഇന്നലെ സന്നിധാനം സാക്ഷ്യം വഹിച്ചത്. പുലർച്ചെ ദർശനം നടത്താൻ കാത്തുനിന്നവരുടെ നിര പതിനെട്ടാംപടി മുതൽ ശരംകുത്തി വരെ നീണ്ടു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് തീർത്ഥാടകർ വലിയ നടപ്പന്തലിലെത്തിയത്. നടപ്പന്തലിലെ 6നിരകളും ഈ സീസണിൽ ആദ്യമായി നിറഞ്ഞു. കൊച്ചുകുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവർക്ക് സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക പരിഗണന നൽകിയതിനാൽ സുഖദർശനം സാദ്ധ്യമായി. കുടിവെള്ളവും ലഘുഭക്ഷണവും തീർത്ഥാടകർക്ക് ഉറപ്പാക്കിയിരുന്നു.തിരക്ക് വർദ്ധിച്ചതോടെ പതിനെട്ടാംപടിയുടെ നിയന്ത്രണം ഇന്ത്യൻ റിസേർവ് ബറ്റാലിയനാണ്. വൈകിട്ടും തിരക്കിന് ശമനമുണ്ടായില്ല. കോടതി അംഗീകരിച്ചിരിക്കുന്ന വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 70,000 ആണ് ഇത് വരും ദിവസങ്ങളിലും പൂർണമാണ്. സ്പോട്ട് ബുക്കിംഗിലൂടെ കൂടുതൽ ഭക്തർക്ക് ദർശനം സാദ്ധ്യമാക്കാനാണ് ബോർഡിൻ്റെ ലക്ഷ്യം അവധി ദിവസമായതിനാൽ ഇന്നും തിരക്ക് വർദ്ധിച്ചേക്കും. ഇത്തവണ നടവരവിലും പ്രസാദ വിതരണ വരുമാനത്തിലും വൻ വർദ്ധനയാണുളളത്.