മണിപ്പാലില്‍ കാസര്‍കോട് സ്വദേശിയെ ബിയര്‍ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

മണിപ്പാല്‍ അനന്ത കല്യാണ നഗറില്‍ റോഡിന് സമീപം കാസർകോട് സ്വദേശിയെ ബിയർ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.

റസ്റ്റോറൻ്റ് ജീവനക്കാരനും നീർച്ചാല്‍ സ്വദേശിയുമാണ് ശ്രീധറിനെ (38) യാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാലിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു.

ആദ്യം ബിയർ കുപ്പി ഉപയോഗിച്ച്‌ കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കഴുത്ത് മുറിച്ച്‌ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചനയെന്ന് പൊലീസ് സൂപ്രണ്ട് ഡോ. അരുണ്‍ കെ പറഞ്ഞു. സിൻഡിക്കേറ്റ് സർക്കിളിന് സമീപം സഹപ്രവർത്തകർക്കൊപ്പം താമസിച്ചിരുന്ന ശ്രീധർ കഴിഞ്ഞ ദിവസം നേരത്തെ തന്നെ മുറിയില്‍ നിന്ന് ഇറങ്ങിയിരുന്നു.

എന്നാല്‍ സംഭവത്തില്‍ നിരവധി സംശയങ്ങള്‍ ഉയർന്നിട്ടുണ്ട്. ശ്രീധറിന്റെ കൈയില്‍ കാലിയായ ഒരു ബാഗുണ്ടായിരുന്നു. കഴുത്ത് വെട്ടി മുറിഞ്ഞ നിലയിലും ആയിരുന്നു. സംഭവസ്ഥലത്ത് അദ്ദേഹത്തിന്റെ ചെരുപ്പുകള്‍ ചിതറി കിടക്കുകയും റോഡില്‍ രക്തം തളം കെട്ടി നില്‍ക്കുകയുമുണ്ടായിരുന്നു. പ്രദേശവാസികള്‍ ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്,
കൂടാതെ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ സ്ഥലം സന്ദർശിച്ചു. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മണിപ്പാല്‍ ഇൻസ്പെക്ടർ ടി വി ദേവരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീധർ സിൻഡിക്കേറ്റ് സർക്കിളില്‍ നിന്ന് നടന്നുവരുന്നതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. പൊലീസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *