സ്പാനിഷ് വമ്ബന്മാരായ റയല്‍ മഡ്രിഡിന്റെ സമീപകാല പ്രകടനത്തില്‍ ആരാധകർ രോഷാകുലരാണ്. ലാ ലിഗയില്‍ കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റിക് ക്ലബിനോടും റയല്‍ തോറ്റു.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു റയലിന്റെ തോല്‍വി. സീസണ് ഗംഭീരമായി തുടങ്ങിയ യൂറോപ്യൻ ചാമ്ബ്യന്മാർക്ക്, രണ്ടാം പകുതിയില്‍ കഷ്ടകാലമാണ്.
പ്രധാന എതിരാളികളായ ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാനുള്ള സുവർണാവസരമാണ് ലോസ് ബ്ലാങ്കോസ് കളഞ്ഞത്. പി.എസ്.ജിയില്‍ നിന്നും ഈ സീസണില്‍ ടീമിലെത്തിയ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ കാര്യം അതിലും കഷ്ടത്തിലാണ്. നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിട്ടും റയല്‍ മാഡ്രഡില്‍ ഫോമിന്റെ നിഴലില്‍ മാത്രമാണ് എംബാപ്പെ. അത്ലറ്റിക്കിനെതിരെയുള്ള മത്സരത്തില്‍ നിർണായകമായ പെനാല്‍ട്ടി എംബാപ്പെ നഷ്ടപ്പെടുത്തിയിരുന്നു. ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് എംബാപ്പെ പെനാല്‍ട്ടി നഷ്ടപ്പെടുത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ലിവർപൂളിനെതിരെയാണ് അദ്ദേഹം പെനാല്‍ട്ടി നഷ്ടപ്പെടുത്തിയത്.
രണ്ടാമത്തെ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതിന് ഒരുപാട് വിമർശനങ്ങള്‍ സൂപ്പർതാരത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി എംബാപ്പെ രംഗത്തെത്തിയിട്ടുണ്ട്. തോല്‍വിയുടെ പൂർണ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നതായും മോശം സമയത്തില്‍ നിന്നും കരകയറി താൻ ആരാണെന്ന് കാണിച്ച് തരുമെന്നും എംബാപ്പെ പറഞ്ഞു.
‘മത്സരം വിചാരിച്ചത് പോലെ വന്നില്ല, എന്റെ ഭാഗത്ത് നിന്ന് വലിയ തെറ്റാണ് സംഭവിച്ചത്. തോല്‍വിയുടെ പൂർണ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. മോശം സമയമാണ് എനിക്കിതെന്ന് അറിയാം. എന്നാല്‍ അതിനെ മറികടന്ന് ഞാൻ ആരാണെന്ന് വീണ്ടും കാണിക്കാനുള്ള സമയമാണിത്,’ എംബാപ്പെ പറഞ്ഞു.
ലാലിഗയില്‍ 15 മത്സരത്തില്‍ നിന്നും 10 ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമുള്‍പ്പടെ 33 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നിലവില്‍ റയല്‍. 37 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു.