രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്താനിടയായ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോള്‍.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം കൊണ്ടുവന്ന ബില്ലില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യുൻ സുക് യോള്‍ രാജ്യത്തെ ജനങ്ങളോട് തന്റെ നടപടിയില്‍ മാപ്പ് പറഞ്ഞത്.
ഈ പ്രഖ്യാപനം നടത്തിയതിന്റെ നിയമപരമായോ രാഷ്ട്രീയപരമായോ ഉള്ള ഉത്തരവാദിത്വത്തില്‍ നിന്ന് താൻ ഒഴിഞ്ഞുമാറില്ലെന്നും, പട്ടാളനിയമം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാൻ ഇനിയൊരു ശ്രമം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. പട്ടാളനിയമം ഏർപ്പെടുത്താനുള്ള പ്രഖ്യാപനം ജനങ്ങളില്‍ ഉത്കണ്ഠയും അസൗകര്യവും ഉണ്ടാക്കിയെങ്കില്‍ അതില്‍ ഖേദിക്കുകയാണെന്നും, എല്ലാവരോടും അതില്‍ മാപ്പ് അപേക്ഷിക്കുകയാണെന്നും ഒരു ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ യൂൻ സുക് യോള്‍ വ്യക്തമാക്കി.
രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പട്ടാളനിയമം ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിൻവലിച്ചിരുന്നു. പിന്നാലെയാണ് യുൻ സുകിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഉന്നയിച്ചത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. 300 അംഗങ്ങളുള്ള പാർലമെന്റില്‍ 190 പേരും പ്രമേയത്തെ പിന്തുണച്ചു. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുകയാണെന്നും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു യുൻ സുക് യോള്‍ രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയത്.