പാനൂരില്‍ ബോംബ് സ്ഫോടനം

പാനൂരിനടുത്ത ചെണ്ടയാട് കുനുമ്മല്‍ കണ്ടോത്തുംചാലില്‍ ബോംബ് സ്ഫോടനം. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് വലിയപറമ്ബിന് സമീപം റോഡില്‍ വൻ സ്ഫോടനം നടന്നത്.

രണ്ട് ബോംബുകളാണ് ഉഗ്രശബ്ദത്തോടെ പൊട്ടിയത്.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ കുഴി രൂപപ്പെടുകയും ടാർ ഇളകുകയും ചെയ്തു. പാനൂർ പൊലീസ് സ്ഥലത്തെത്തി സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബോംബ് സ്ഫോടനത്തിന് പിന്നിലാരെന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. കൂത്തുപറമ്ബ് എ.സി.പി എം. കൃഷ്ണന്റെ നേതൃത്വത്തില്‍ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. റോഡിലും സമീപത്തെ പറമ്ബുകളിലും ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പാനൂർ പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലൻ, എസ്.ഐ ജയേഷ് കുമാർ, ഡോഗ് സ്ക്വാഡ് എസ്.ഐ അശോകൻ, സിവില്‍ പൊലീസ് ഓഫിസർമാരായ സജീഷ്, ലിനേഷ് എന്നിവർ റെയ്ഡിന് നേതൃത്വം നല്‍കി. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നാടൻ ബോംബിന്റെ പരീക്ഷണ പൊട്ടിക്കലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനം നടന്ന സ്ഥലത്തുനിന്നും ഫോണ്‍ നമ്ബറടങ്ങിയ ഒരു മെഡിക്കല്‍ സ്ലിപ്പും പൊലീസ് കണ്ടെടുത്തു.

രണ്ടു ദിവസം മുമ്ബ് റോഡിന് സമീപത്തെ കണ്ടോത്തുംചാല്‍ പുളിയത്താം കുന്നിന് മുകളില്‍ ഉച്ചക്ക് മൂന്നോടെ ഉഗ്ര സ്ഫോടനം നടന്നിരുന്നു. കഴിഞ്ഞ ജൂണ്‍ 23നും ഇതേസ്ഥലത്ത് റോഡില്‍ സ്ഫോടനം നടന്നിരുന്നു. സംഭവത്തില്‍ സമഗ്രാനേഷണം നടത്തണമെന്ന് സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ലയും കോണ്‍ഗ്രസ് പുത്തൂർ മണ്ഡലം പ്രസിഡന്റ് കെ.പി. വിജീഷും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *