സർക്കാർ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംവിധാനംവേണമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു.
ആരോഗ്യ മേഖല കാര്യക്ഷമമാക്കാൻ ഒന്നിച്ചു പ്രവർത്തിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നുണ്ട്. എന്നാല്‍, ആരും ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്നതാണ് സ്ഥിതി.
മരുന്ന് വിവാദത്തില്‍ സെൻട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേഡ് കണ്‍ട്രോള്‍ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) നിലപാട് മന്ത്രി ചോദ്യം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മരുന്നു കമ്ബനിക്കെതിരെ കർണാടക ആരോഗ്യ വകുപ്പ് സി.ഡി.എസ്.സി.ഒക്ക് കത്തു നല്‍കിയിരുന്നു. മരുന്നിന്റെ ഗുണനിലവാരമില്ലായ്മ പരാമർശിക്കാതെ, ‘ കർണാടക നിരസിച്ചു’ എന്ന സർട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് ആരോഗ്യ മന്ത്രി കുറ്റപ്പെടുത്തി.
”നിങ്ങള്‍ അനുമതി നല്‍കിയ മരുന്നാണ് ഞങ്ങള്‍ നിരസിച്ചത്. ഇനിയെന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്? ഞങ്ങള്‍ക്ക് മരുന്ന് കമ്ബനിയെ കരിമ്ബട്ടികയില്‍ പെടുത്താനാവില്ല. അവരുടെ മരുന്നും തള്ളാനാവില്ല. കാരണം, സി.ഡി.എസ്.സി.ഒ അനുമതി നല്‍കുന്നിടത്തോളം അവരുടെ മരുന്ന് സുരക്ഷിതമാണെന്ന് കാണിച്ച് അവർ കോടതിയെ സമീപിക്കും. യഥാർഥത്തില്‍ ആരാണ് ഇതിന് ഉത്തരവാദി?” -ആരോഗ്യമന്ത്രി ചോദിച്ചു. ആരോഗ്യ വകുപ്പില്‍നിന്നുള്ള ഒരു സംഘം പശ്ചിമ ബംഗാളില്‍ ചെന്ന് പശ്ചിംബംഗ മരുന്ന് കമ്ബനിയുടെ നിർമാണ സൗകര്യങ്ങള്‍ പരിശോധിച്ചെന്നും അവർ വൈകാതെ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.