റിസ്റ്റ് ബാന്‍ഡ് തുണയായി; കൂട്ടം തെറ്റി അലഞ്ഞ മാളികപ്പുറത്തെ ഉടനടി അച്ഛനടുത്തെത്തിച്ച്‌ പോലിസ്

സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തെ ഉടനടി അച്ഛനരികിലെത്തിച്ച്‌ പോലീസ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടപ്പന്തലില്‍വെച്ചാണ് മാളികപ്പുറത്തിന് കൂട്ടംതെറ്റിയത്.

ബന്ധുക്കള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ ഊട്ടി സ്വദേശിനിയായ ശിവാര്‍ഥികയ്ക്കാണ് പോലീസ് ഉദ്യോഗസ്ഥരും അവര്‍ കെട്ടി നല്‍കുന്ന റിസ്റ്റ് ബാന്‍ഡും തുണയായത്.

തിരക്കില്‍ പരിഭ്രമിച്ച്‌ പിതാവിനെ തിരഞ്ഞ് ശിവാര്‍ഥിക നടക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ആര്‍. അക്ഷയിന്റേയും ആര്‍. ശ്രീജിത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍, കുട്ടിയുടെ റിസ്റ്റ് ബാന്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്ബറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പിതാവ് വിഗ്നേഷ് ഓടിയെത്തി. ഇതോടെ കരഞ്ഞു തളര്‍ന്നിരുന്ന കുട്ടി പിതാവിനെ കെട്ടിപ്പിടിച്ചു പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ മാളികപ്പുറം പിതാവിനൊപ്പം മലചവിട്ടി അയ്യപ്പനെ കണ്ടുതൊഴുതു.

തൃശ്ശൂര്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസറാണ് ആര്‍. ശ്രീജിത്ത്. തൃശ്ശൂര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസിലെ സിവില്‍ പോലീസ് ഓഫീസറാണ് ആര്‍.അക്ഷയ്. ഇത്തരത്തില്‍ ഒട്ടേറെ കുട്ടികള്‍ക്കാണ് പോലീസിന്റെ പുതിയ സംവിധാനം ആശ്വാസമാകുന്നത്. 10 വയസ്സില്‍ താഴെയുള്ള 5000-ലധികം കുട്ടികള്‍ക്ക് പോലീസ് ഇതുവരെ റിസ്റ്റ് ബാന്‍ഡ് കെട്ടിക്കൊടുത്തു.

പമ്ബയില്‍നിന്നും വനിതാപോലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതല്‍ നടപടി. വയോധികര്‍, തീവ്രഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും കൂട്ടം തെറ്റിയാല്‍ ഒപ്പമുള്ളവരുടെ അടുത്തെത്താന്‍ പോലീസ് റിസ്റ്റ് ബാന്‍ഡ് ധരിപ്പിക്കുന്നുണ്ട്. പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോണ്‍ നമ്ബര്‍ എന്നിവയാണ് കൈയില്‍കെട്ടുന്ന ബാന്‍ഡില്‍ രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *