എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാര്യ മഞ്ജുഷയുടെ വാദങ്ങളെ സമ്ബൂര്‍ണമായും തള്ളി സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാര്യ മഞ്ജുഷയുടെ വാദങ്ങളെ സമ്ബൂര്‍ണമായും തള്ളി സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം.

നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ ഇല്ല. തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

നവീന്‍ ബാബുവിന്റെ മൃതശരീരത്തില്‍ നിന്ന് മറ്റ് മുറിവുകള്‍ കണ്ടെത്താനായില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പൊലീസ് സംഭവസ്ഥലത്ത് എത്താന്‍ വൈകിയെന്ന കുടുംബത്തിന്റെ വാദം തെറ്റാണ്. കളക്ടറേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന വാദം ശരിയല്ല. കുടുംബത്തിന്റെ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ബന്ധുക്കളുടെ സാന്നിധ്യത്തിലല്ല ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതെന്ന വാദം ശരിയല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യം ആവശ്യമില്ല. അഞ്ച് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു. മരണവിവരം അറിഞ്ഞ് നാല് മണിക്കൂറിനകം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ പത്തനംതിട്ടയില്‍ നിന്ന് കണ്ണൂരിലെത്തിയത് മരണ വിവരമറിയിച്ച്‌ 15 മണിക്കൂറിന് ശേഷമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ താമസ സ്ഥലത്തുനിന്ന് വിരലടയാളങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. മൊഴി രേഖപ്പെടുത്താന്‍ വൈകിയെന്ന മഞ്ജുഷയുടെ വാദവും സര്‍ക്കാര്‍ തള്ളി. സംഭവത്തിന് മൂന്ന് ദിവസത്തിനകം മക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *