2024 ന്‍റെ തുടക്കത്തില്‍ മലയാളത്തില്‍ ഇറങ്ങിയ ഒരു ചെറിയ സിനിമ ഉണ്ടാക്കിയ പാൻ ഇന്ത്യൻ റീച് അത്ര ചെറുതായിരുന്നില്ല.
ഇന്ത്യൻ സിനിമയിലെ അതികായന്മാർ പോലും കണ്ട് അഭിനന്ദനം അറിയിച്ച സിനിമയായിരുന്നു നസ്ലിൻ-മമത ജോഡി തകർത്താടിയ പ്രേമലു. സംവിധാനം ചെയ്തതാകട്ടെ തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ തുടങ്ങിയ ഹിറ്റ് സിനിമകളും പിന്നില്‍ കരം ചലിപ്പിച്ച ഗിരീഷ് എഡിയും. മലയാളികളെ മാത്രമല്ല, ബോക്സോഫീസിനെയും കയ്യിലെടുത്ത ഗിരീഷ് എഡിയുടെ യാത്ര 43 ലക്ഷത്തിന്‍റെ ബിഎംഡബ്ല്യുവില്‍.
ബിഎംഡബ്ല്യു 2 സീരീസാണ് ഇനി താര സംവിധായകന്‍റെ യാത്രകള്‍ക്ക് കൂട്ടാകാൻ പോകുന്നത്. ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക ഡീലർഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റിലെത്തിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട യുവ സംവിധായകൻ വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചത്.
43.90 ലക്ഷം രൂപ മുതലാണ് ഈ സെഡാന്റെ വിലയാരംഭിക്കുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ നാലു വാതിലുള്ള കാർ ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലാണ് ടു സീരീസ് ഗ്രാൻ കൂപ്പെ. ഫ്രണ്ട് വീല്‍ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ടു സീരീസിന്റെ പ്ലാറ്റ്ഫോമും മറ്റും എസ്‌യുവിയായ എക്സ് വണ്ണില്‍ നിന്നാണു ബിഎംഡബ്ല്യു സ്വീകരിച്ചിരിക്കുന്നത്.
2.0 ലീറ്റർ ഡീസല്‍ എൻജിനു 188 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിയും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്‌സാണ് വാഹനത്തിനുള്ളത്. 2.0 പെട്രോള്‍ എൻജിനാണെങ്കില്‍ 177 ബി എച്ച് പി ആണ് പവർ 280 എൻ എം ടോർക്കും ലഭിക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ ആഡംബര വാഹനത്തിനു 7.1 സെക്കൻഡുകള്‍ മതിയാകും.