ഗസ്സയില്‍ ആയിരങ്ങള്‍ പട്ടിണി മാറ്റാൻ രണ്ടുമാസമായി കഴിക്കുന്നത് പുല്ല്…

ഉത്തര ഗസ്സയില്‍ ഇസ്രായേല്‍ സേന ആക്രമണം രൂക്ഷമാക്കുകയും സഹായ വിതരണം തടയുകയും ചെയ്തതോടെ ആയിരങ്ങള്‍ കഴിയുന്നത് കൊടും പട്ടിണിയില്‍.

പട്ടിണി മാറ്റാൻ ഭക്ഷ്യവസ്തുക്കളൊന്നും കിട്ടാത്തതിനാല്‍ രണ്ട് മാസമായി കാലിത്തീറ്റയും പുല്ലുമാണ് കഴിക്കുന്നതെന്ന് 57 കാരിയായ അഭയാർഥി സദേയിയ അല്‍ റഹേല്‍ പറഞ്ഞു.

ബൈത് ലാഹിയയില്‍ പലരും അഭയം തേടിയ സ്കൂളുകളില്‍നിന്നും ഒഴിഞ്ഞുപോകുകയാണ്. ബുധനാഴ്ച ഡ്രോണുകള്‍ ഉപയോഗിച്ച്‌ സ്കൂളുകള്‍ക്കുമേല്‍ ബോംബിട്ടതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായും സകലതും നഷ്ടപ്പെട്ടതായും അവർ പറഞ്ഞു.

അതേസമയം, വംശഹത്യ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണത്തെ തുടർന്ന് വീടും വേണ്ടപ്പെട്ടതുമെല്ലാം നഷ്ടപ്പെട്ട് ടെന്റുകളില്‍ കഴിയുന്ന അഭയാർഥികള്‍ക്കുനേരെ വീണ്ടും കണ്ണില്‍ ചോരയില്ലാതെ ബോംബിട്ടു. പലയിടങ്ങളില്‍നിന്നും ആക്രമണം ഭയന്ന് പലായനം ചെയ്തുവന്ന പതിനായിരങ്ങള്‍ കഴിയുന്ന മുവാസിയിലെ ടെന്റുകളില്‍ നടത്തിയ ആക്രമണത്തില്‍ 21 പേർ കൊല്ലപ്പെട്ടു. സംരക്ഷിത മേഖലയെന്ന് ഇസ്രായേല്‍ തന്നെ പ്രഖ്യാപിച്ച പ്രദേശത്താണ് സൈന്യം ബോംബിട്ടത്. മുമ്ബ് ഇസ്രായേല്‍ സേന ടെന്റുകള്‍ക്കുമേല്‍ ബോംബിട്ടത് കടുത്ത അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *