വിഴിഞ്ഞം തുറമുഖത്തിന്റെ കവാടം സ്ഥിതി ചെയ്യുന്ന മുല്ലൂര്‍ നഗരസഭാ വാര്‍ഡിനെ അധികൃതര്‍ വെട്ടിനിരത്തി.
ഇതോടെ തുറമുഖവും മുല്ലൂര്‍ ഉള്‍പ്പെടുന്ന മേഖലയും നിലവിലുള്ള കോട്ടപ്പുറം വാര്‍ഡിന്റെ ഭാഗമായി.
അശാസ്ത്രീയമായി വാര്‍ഡുകളെ വെട്ടിമുറിച്ചിട്ടും വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പേരില്‍ഉള്‍പ്പെടുന്നതു പോലെ വിഴിഞ്ഞം വാര്‍ഡില്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞില്ല. രാഷ്‌ട്രീയ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി നടത്തിയ വിഭജനത്തില്‍ തുറമുഖ മേഖലയായ മുല്ലൂര്‍ വാര്‍ഡിനെ ഒഴിവാക്കി മറ്റ് വാര്‍ഡുകളില്‍ ചേര്‍ത്തതിലൂടെ നാട്ടുകാര്‍ വഴിയാധാരമായി. ഗൂഢലക്ഷ്യത്തോടെ അധികാര വികേന്ദ്രീകരണത്തിന്റെ മറവില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന വാദഗതി നിരത്തിയാണ് വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ വിഭജനത്തോടെ തീരദേശത്ത് ജനസാന്ദ്രത ഉണ്ടായിരുന്ന വാര്‍ഡിനെ ഇല്ലാതാക്കി. നഗരസഭയുടെ ഈ ലക്ഷ്യം തെറ്റിയുള്ള വാര്‍ഡ് വിഭജനത്തിന്റെ ആപത്ത് അറിയാതെയാണ് നാട്ടുകാരുടെ സമീപനം. വിഭജനം തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന വിജയത്തെക്കാള്‍ വര്‍ഗീയ ചേരിതിരിവിന് കാരണമാകുമെന്ന ആശങ്കയും നാട്ടുകാര്‍ക്കിടയിലുണ്ട്.
2010 വരെ തീരദേശം വിഴിഞ്ഞം ഗ്രാമപഞ്ചായത്തിന്റെ കീഴിലായിരുന്നു. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ വന്നാല്‍ മേഖലയ്‌ക്ക് വികസനമുണ്ടാകുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ അധികൃതര്‍ പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് വിഴിഞ്ഞം, മുല്ലൂര്‍, കോട്ടപ്പുറം, ഹാര്‍ബര്‍, വെങ്ങാനൂര്‍ എന്നീ അഞ്ച് വാര്‍ഡുകളാക്കി. വിഴിഞ്ഞം പഞ്ചായത്ത് ഓഫീസിനെ നഗരസഭാ സോണല്‍ ഓഫീസാക്കി മാറ്റി. നീണ്ട കാത്തിരിപ്പിന് ശേഷം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം വന്നെങ്കിലും ജനത്തിന്റെ ജീവിതസാഹചര്യത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. നഗരസഭാവാസികള്‍ എന്ന പേരില്‍ പഞ്ചായത്ത് നിരക്കിനെക്കാള്‍ തീരദേശവാസികള്‍ക്ക് ഭൂമിക്കും വീടിനും മറ്റും അമിത നികുതിഭാരം അടിച്ചേല്‍പ്പിച്ചു. ഭൂമിയുടെ മതിപ്പ് വിലയിലുണ്ടായ വര്‍ധനയും ജനത്തെ കാര്യമായി ബാധിച്ചു. വിഴിഞ്ഞം തുറമുഖം ഒഴിച്ചാല്‍ ഈ മേഖലയില്‍ നഗരസഭയുടെ കീഴില്‍ കാര്യമായ ഒരു വികസനവുമുണ്ടായില്ല. നാല് മെമ്ബര്‍മാര്‍ ഉണ്ടായിരുന്ന വാര്‍ഡുകളെ ഒന്നാക്കി ഒരു ജനപ്രതിനിധിയുടെ കീഴിലാക്കി. തുടര്‍ന്നുണ്ടായ ജനത്തിന്റെ ബുദ്ധിമുട്ടുകള്‍ പോലും പരിഗണിക്കാതെയാണ് നിലവിലെ അഞ്ച് വാര്‍ഡുകളെ നാലാക്കി വിഭജിച്ചത്.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഉള്‍പ്പെട്ടിരുന്നത് മുല്ലൂര്‍, കോട്ടപ്പുറം എന്നീ വാര്‍ഡുകളിലാണ്. പ്രധാന കവാടം മുല്ലൂര്‍ ഡിവിഷനിലെ മുല്ലൂര്‍ എന്ന സ്ഥലത്താണ്. ഈ വാര്‍ഡിനെയാണ് രണ്ടായി പിളര്‍ന്ന് വെങ്ങാനൂര്‍, കോട്ടപ്പുറം വാര്‍ഡുകളിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതിനെതിരെ പരാതികളും നിവേദനങ്ങളും നല്‍കിയ ബിജെപി മൂല്ലൂര്‍ ഏര്യ കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി രംഗത്തുണ്ട്.