യന്ത്രത്തകരാർ കാരണം പെരുവണ്ണാമൂഴി ആറ് മെഗാ വാട്ട് നിലയത്തില്‍ വൈദ്യുതോല്‍പാദനം നിലച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ ജലം ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതോല്‍പാദനം നടത്തിയിരുന്നത്.
മൂന്ന് മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ടർബൈനുകളാണ് നിലയത്തിലുള്ളത്.
ഇതില്‍ രണ്ടാമത്തേതിന്റെ ഷാഫ്റ്റിന് തകരാർ സംഭവിച്ചതായി നവംബർ 18ന് കണ്ടെത്തി. ഇത് അഴിച്ച് പരിശോധിച്ചപ്പോള്‍ പ്രധാനപ്പെട്ട ഒരു ബുഷിന് തകരാർ കണ്ടു. ഇത് മാറ്റി പുതിയത് സ്ഥാപിക്കണം.
ഓർഡർ നല്‍കിയിട്ടുണ്ട്. ഇത് നിർമിച്ച് പുണെയില്‍ നിന്നെത്തിക്കണം. ഈ മാസം 25 നുള്ളിലെത്തുമെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ റിസർവോയർ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. വെള്ളം പുറത്തേക്ക് ഡാം സ്പില്‍ വേയിലൂടെ ഒഴുക്കി കളയുകയാണ്.
വൈദ്യുതി ഉല്‍പാദിപ്പിക്കാൻ കഴിയാത്തതിനാല്‍ വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. യന്ത്രങ്ങള്‍ നിലച്ചിട്ട് 17 ദിവസം പിന്നിട്ടു. കിർലോസ്കർ കമ്ബനിയാണ് ടർബൈനുകള്‍ സ്ഥാപിച്ചത്. മൂന്നു വർഷം മെയിന്റനൻസ് ഗ്യാരണ്ടി ഉണ്ടെങ്കിലും വൈദ്യുതോല്‍പാദനം നടക്കാത്തതിനാല്‍ സർക്കാറിനു വൻ നഷ്ടമാണുണ്ടാവുക.
കക്കയം പ്രധാന നിലയങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലമാണ് പെരുവണ്ണാമൂഴി റിസർവോയറിനെ നിറക്കുന്നത്.
വൃഷ്ടി പ്രദേശത്ത് കനത്ത മഴ ഉള്ളതിനാല്‍ ഡാമിലെത്തുന്ന ജലം ഇപ്പോള്‍ പുഴയിലൂടെ ഒഴുക്കിക്കളയുകയാണ്. ഇതിനിടെ നിലയത്തിലെ ഒന്നാമത്തെ ടർബൈനിലും തകരാർ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങള്‍ വേണം. 2023 ജൂലൈയിലാണ് നിലയം ഉദ്ഘാടനം ചെയ്തത്.