ട്രോളിങ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയത് 25% ബോട്ടുകള്‍ മാത്രം; തീരത്ത് കഷ്ടപ്പാടിന്റെ ദിനങ്ങ

ആഴക്കടലിലും തീരക്കടലിലും മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകള്‍ വെറും കൈയോടെ മടങ്ങിയെത്തുന്നത് തുടരുമ്ബോള്‍ തീരം പട്ടിണിയിലേക്ക് നീങ്ങുന്നു.

ലക്ഷക്കണക്കിനാളുകളുടെ ഉപജീവന മാർഗവും സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യവും നേടിക്കൊടുക്കുന്ന മത്സ്യബന്ധന മേഖലക്കാണ് ഈ ഗതി.

സഹായിക്കുന്നതിന് പകരം ഇന്ധന സബ്സിഡി പോലും ഇല്ലാതാക്കിയതോടെ മത്സ്യബന്ധന മേഖല ദുരിതത്തിലാണ്. ഇതിന് പുറമെ ഫിഷറീസ് വകുപ്പിന്റെ കടലിലെ അനാവശ്യ പരിശോധനയും ഭീമമായ പിഴ ചുമത്തലും കൂടിയായതോടെയാണ് തീരമേഖല തീർത്തും പ്രതിസന്ധിയി

ലായത്. ട്രോളിങ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയത് 25 ശതമാനം ബോട്ടുകള്‍ മാത്രമാണ്. ട്രോളിങ് നിരോധനം കഴിഞ്ഞാല്‍ വലനിറയെ മത്സ്യം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് യാനങ്ങള്‍ കടലിലേക്കിറങ്ങുക. വലുതും ചെറുതുമായി 200 ഓളം ബോട്ടുകളാണ് പൊന്നാനി ഫിഷിങ് ഹാർബറില്‍ മാത്രമുള്ളത്. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്ക് പുറമെ തീരക്കടലില്‍ ഉപജീവനം നടത്തുന്ന മരബോട്ടുകളാണ് ഏറെയും.

എന്നാല്‍, തീരക്കടലില്‍ മത്സ്യലഭ്യത കുറയുമ്ബോള്‍ ആഴക്കടലിലേക്ക് പോകുന്നവർക്ക് പരിശോധന ശക്തമാക്കിയത് തിരിച്ചടിയായി. ഇതോടെ ബോട്ടുകള്‍ കരയില്‍ തന്നെ നങ്കൂരമിടുകയാണ്. പലപ്പോഴും തീരക്കടലില്‍ മീൻ പിടിത്തത്തിനിറങ്ങുമ്ബോള്‍ ഡീസല്‍ കാശ് പോലും തിരികെ ലഭിക്കാത്ത സ്ഥിതിയാണ്.

ഈടാക്കുന്നത് കനത്ത പിഴ

ഫിഷിങ് റെഗുലേഷൻ ആക്‌ട് ഭേദഗതിയുടെ പേരില്‍ ലക്ഷങ്ങളും പതിനായിരങ്ങളും പിഴ ചുമത്തുന്നത് ബോട്ടുടമകള്‍ക്ക് ഭാരിച്ച സാമ്ബത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.

മത്സ്യലഭ്യത കുറഞ്ഞ സീസണിലും ഇത്തരത്തില്‍ പിഴ ചുമത്തുന്നത് മൂലം വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. 12 മുതല്‍ 15 വർഷം പഴക്കമുള്ള ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കി നല്‍കാത്തതും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കൂടാതെ രാത്രികാല മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ പിടികൂടി പിഴ ചുമത്തുകയാണെന്നും പരാതിയുണ്ട്. ഡീസല്‍ വില കുത്തനെ ഉയർന്നിട്ടും മറ്റു സംസ്ഥാനങ്ങളിലേത് പോലെ സബ്സിഡി നല്‍കാൻ സംസ്ഥാന സർക്കാർ തയാറാവുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. മത്സ്യബന്ധന യാനങ്ങള്‍ക്ക് നല്‍കുന്ന ഡീസല്‍ വിലയില്‍ റോഡ് സെസും, മറ്റു നികുതികളും ഏർപ്പെടുത്തുന്നതും മേഖലയെ തളർച്ചയിലാക്കിയിട്ടുണ്ട്.

വലിയ ഇൻബോർഡ് വള്ളങ്ങള്‍ വരെ തീരക്കടലില്‍ മത്സ്യബന്ധനം നടത്തുമ്ബോള്‍ ചെറിയ ബോട്ടുകള്‍ തീരക്കടലില്‍ മത്സ്യബന്ധനത്തിന് ശ്രമിച്ചാല്‍ ലക്ഷങ്ങളുടെ പിഴയാണ് ഈടാക്കുന്നത്.

വേണം സബ്സിഡി

ഡീസലും മണ്ണെണ്ണയും പെട്രോളും ഉപയോഗിച്ച്‌ മത്സ്യബന്ധനം നടത്തുന്ന എല്ലാ യാനങ്ങള്‍ക്കും സബ്സിഡി നല്‍കുക, 20 മീറ്ററിന് താഴെ നീളമുള്ള ബോട്ടുകള്‍ക്ക് ക്ഷേമനിധി വിഹിതം 4500 രൂപയില്‍ നിന്നും 9000 രൂപയാക്കിയ നടപടി റദ്ദാക്കുക,

യാനങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പരമ്ബരാഗത മേഖല ഏർപ്പെടുത്തിയ ഇൻഷൂറൻസ് പരിരക്ഷ യന്ത്രവല്‍കൃത മേഖലക്ക് ഏർപ്പെടുത്തുക, ക്ഷേമനിധി വിഹിതം അടക്കുന്ന ബോട്ടുകളില്‍ പണിയെടുക്കുന്ന അന്തർസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർക്ക് അർഹമായ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയാണ് ബോട്ടുടമകളുടെ ആവശ്യം.

തിരിച്ചടിയായി മത്സ്യലഭ്യതക്കുറവ്

ആഴക്കടല്‍ മത്സ്യലഭ്യതയില്‍ കാര്യമായ ഇടിവുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ബോട്ടുകള്‍ നഷ്ടം സഹിച്ചാണ് പലപ്പോഴും കരയിലെത്തുന്നത്. ഇതേത്തുടർന്ന് ബോട്ടുകളില്‍ മിക്കവയും തീരത്ത് തന്നെ നങ്കൂരമിട്ടിരിക്കുകയാണ്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണ് ഒഴിഞ്ഞ വലയുമായി മടങ്ങുന്നത്. പലപ്പോഴും ഡീസല്‍ ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *