ഹിന്ദു-ബുദ്ധ -ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ പോലും അവകാശമില്ലെന്ന തരത്തിലുള്ള അക്രമങ്ങളാണ് 90 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ നടക്കുന്നത്.
ശ്രീകൃഷ്ണ ധര്‍മ പ്രചാരകരായ ഇസ്‌കോണിന്റെ മുഖ്യ പുരോഹിതര്‍ ചിന്മയ് കൃഷ്ണ ദാസിന്റെയും മറ്റ് പുരോഹിതരുടെയും അറസ്റ്റും ഒപ്പം ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ക്കും പുറമെ രാജ്യത്തെ ക്രൈസ്തവരും വ്യാപക പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഷേഖ് ഹസീനയുടെ പലായനത്തിന് കാരണമായ കലാപങ്ങള്‍ക്ക് ശേഷം കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ 64 ജില്ലകളിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായി 2,010ലധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ‘ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സിലി’ന്റെ ആക്ടിങ് ജനറല്‍ സെക്രട്ടറിയായ മനീന്ദ്രകുമാര്‍ നാഥ് പറഞ്ഞത്.
അഞ്ചു ലക്ഷത്തിനടുത്താണ് ബംഗ്ലാദേശിലെ ക്രൈസ്തവ ജനസംഖ്യ. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 0.3 ശതമാനം വരും. ഇപ്പോഴത്തെ അക്രമങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായതിന്റെ തുടര്‍ച്ചയാണെന്ന് പറയാം. 2001 ജൂണ്‍ മൂന്നിന് ബനിയാര്‍ക്കോറിലെ കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനയ്‌ക്കിടെ ഉണ്ടായ ബോംബാക്രമണത്തില്‍ ഒമ്ബത് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2015-ല്‍ ഇറ്റാലിക്കാരനായ പുരോഹിതര്‍ സിസാര്‍ ടവെല്ലയ്‌ക്കും പരോലരി പിയറോയ്‌ക്കും, 2016ല്‍ സുനില്‍ ഗോമസെന്ന ക്രിസ്ത്യന്‍ വ്യവസായിക്കും വെട്ടേറ്റു. 2016 ജൂലൈ ഒന്നിന് ഇസ്ലാമിക തീവ്രവാദികള്‍ 20 ക്രൈസ്തവരെ ബന്ദികളാക്കി കൂട്ടക്കൊല ചെയ്തു, ബംഗ്ലാദേശ് ഭരണഘടനയുടെ 41(1) എ പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ മതപരമായ കാര്യങ്ങള്‍ പരസ്യമായി ചെയ്യുന്നത് പലപ്പോഴും മുസ്ലിങ്ങളുടെ അക്രമത്തിലാണ് കലാശിക്കാറുള്ളത്. ക്രൈസ്തവ കുടുംബങ്ങള്‍ ഒത്തുകൂടുന്നതും ഉപേക്ഷിക്കേണ്ട സാഹചര്യമാണ് വര്‍ഷങ്ങളായുള്ളത്. ക്രൈസ്തവ ആഘോഷങ്ങളിലേക്ക് തീവ്ര ഇസ്ലാമിക ആള്‍ക്കൂട്ടങ്ങള്‍ സംഘടിച്ചെത്തി തടസ്സപ്പെടുത്തുന്നതും പതിവാണ്. ഭരണഘടനയുടെ അനുച്ഛേദം 28 (1) പ്രകാരം വിവേചനരഹിതവും 29 പ്രകാരം തുല്യതയോടു കൂടിയതുമായ സമൂഹത്തെ ആ രാജ്യം വിഭാവനം ചെയ്യുമ്ബോഴും നിയമവാഴ്ചയെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള സമീപനമാണ് ഉണ്ടാവുന്നത്. തൊഴിലിടങ്ങളിലും പാര്‍പ്പിടങ്ങളിലും മറ്റും ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നു. ഇതിന്റെ ഫലമായി ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ തെരുവ് വൃത്തിയാക്കല്‍ പോലെയുള്ള ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ടതും വേതനം കുറഞ്ഞതുമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. പാഠപുസ്തകങ്ങളില്‍ ഇസ്ലാമികമായവ പഠിക്കാന്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളും നിര്‍ബന്ധിതരാകുന്നു. ക്രിസ്തുമത വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്കു റിക്ഷകളിലും ബസുകളിലും യാത്ര നിഷേധിക്കുന്നതും, പരിഹസിക്കുന്നതും സ്‌കൂള്‍ കൂട്ടായ്മകളില്‍ നിന്നു പുറത്താക്കുന്നതും നിത്യ സംഭവങ്ങളാണ്.
ഭാരതത്തില്‍ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ദളിത് സ്നേഹം പുറത്തെടുക്കുന്ന ജമാ-അത്തെ പോലുള്ള ഇസ്ലാമിക ഭീകരസംഘടനകള്‍ ബംഗ്ലാദേശിലെ ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങളിലെ ദളിത് വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഭീക്ഷണിപ്പെടുത്തി മതം മാറ്റത്തിനു ശ്രമിക്കുകയും ചെയ്യുന്നു. 2023 ഏപ്രില്‍ ആറിന് ചിറ്റഗോങിലെ വെടിവയ്‌പ്പില്‍ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട എട്ടു കിസ്ത്യാനികള്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഫെബ്രുവരിയില്‍ ആയിരത്തിലധികം ക്രൈസ്തവ വിശ്വാസികളെ വീടുകളില്‍ നിന്ന് പുറത്താക്കുകയും ദക്ഷിണ ഢാക്കയിലെ ധോല്‍പൂരില്‍ രണ്ട് പള്ളികള്‍ നശിപ്പിക്കുകയും ചെയ്തു. ഏപ്രിലില്‍ മൂന്ന് ക്രൈസ്തവ ദേവാലയങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടു. രോഹിഗ്യന്‍ അഭയാര്‍ത്ഥികളെന്ന പേരില്‍ ഒന്നിച്ചു ബംഗ്ലാദേശിലെത്തിയ സംഘത്തിലെ മുസ്ലീംങ്ങള്‍ തങ്ങള്‍ക്കൊപ്പം വന്ന രോഹിഗ്യന്‍ ക്രൈസ്തവരെയും ബംഗ്ലാദേശ് ക്രൈസ്തവരെയും ഒരുപോലെ ആക്രമിക്കാന്‍ തുടങ്ങിയെന്നതാണ് വിചിത്ര സത്യം.
1971ലെ വിമോചനയുദ്ധത്തിന് മുമ്ബുതന്നെ ജമാ-അത്തെ ഇസഌമി പോലെയുള്ള ഭീകരവാദ സംഘടനകള്‍ ബംഗ്ലാദേശില്‍ പിടിമുറുക്കിയിരുന്നു. 2020 മുതല്‍ ‘അല്‍-ഖ്വയ്ദ ഇന്ത്യന്‍ സബ് കോണ്ടിനന്റ്’ (എക്യുഐഎസ്) രാജ്യത്തെ തീവ്രവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. രാജ്യത്ത് ‘ശരിയ’ നിയമങ്ങള്‍ കൊണ്ടുവരികയെന്നതായിരുന്നു ലക്ഷ്യം. ഇതിനായി യുവജനങ്ങളെ ആകര്‍ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. 2014 ല്‍ ഐഎസ്‌ഐഎസ് തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാന്‍ സമൂഹ മാധ്യമ പ്രചാരണം നടത്തുകയും രണ്ട് വര്‍ഷത്തിനിടയില്‍ നാല്‍പതോളം പേരെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിന്റെ പുറത്തേയ്‌ക്ക് കൊണ്ടുപോവുകയും ചെയ്തു.
ജമാ-അത്തിനും ഐഎസ്‌ഐഎസിനും പുറമെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍ ഒന്നാണ് ‘ഹര്‍ക്കത്ത്-ഉല്‍-ജിഹാദ്’. 1992-ല്‍ ഷെയ്ഖ് അബ്ദുസ്സലാമിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനൊപ്പം യുദ്ധം ചെയ്യാന്‍ പോയവരാണ് ഈ സംഘടന രൂപീകരിച്ചത്. ഇതിന് ധനസഹായം നല്‍കിയിരുന്നത് അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനായിരുന്നു. സൗദിയിലും പാകിസ്ഥാനിലും മത വിദ്യാഭ്യാസം നേടിയെത്തിയ മൗലാന അബ്ദുറഹ്മാന്‍ 1989ല്‍ സ്ഥാപിച്ച ജമാ അത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശും’ (ജെഎംബി), പ്രൊഫ.മൊഹിയുദ്ദീന്‍ അഹമ്മദ് 2009 ല്‍ സ്ഥാപിച്ച ഹിസ്ബുത്തഹ്രീറും രാജ്യത്തെ തീവ്രവാദവത്കരിക്കുന്നതിലും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നു. ഇതിന് രാഷ്‌ട്രീയ പിന്തുണ നല്‍കുന്നത് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി അഥവാ ബിഎന്‍പിയാണ്. അവാമി ലീഗ് പൂര്‍ണമായി ഇതില്‍ നിന്ന് മോചിതമല്ല.
ഭാരതത്തിലെ ആര്‍എസ്‌എസും ബിജെപിയും മറ്റ് ഹിന്ദു സംഘടനകളും ഒഴികെയുള്ള സംഘടനകളുടെ ഈ വിഷയത്തിലെ മൗനമാണ് ദുഃഖകരം. കോടതി വിധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സംഭല്‍ മുസ്ലിം പള്ളിയില്‍ സര്‍വ്വേ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തില്‍ ഇടപെടാന്‍ ആവേശം കാണിക്കുന്ന രാഹുലും പ്രിയങ്കയും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തങ്ങളുടെ മൗനത്തിലൂടെ കേരളത്തിലെയും മറ്റിടങ്ങളിലെയും ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങളെ ചതിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഏവരും ഒറ്റക്കെട്ടായി നിന്നു പോരാടേണ്ട സമയമാണിത്.