പ്രതിപക്ഷ നേതാവ് രാജ്യദ്രോഹി; ‘സോറോസ് പറയും രാഹുല്‍ അനുസരിക്കും’: സംബിത് പാത്ര

 രാജ്യത്തിനെതിരെ യുഎസ് ശത കോടീശ്വരന്‍ ജോര്‍ജ് സോറോസും അയാളുടെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ധനസഹായം നല്കുന്ന ഒസിസിആര്‍പിയുമായി പ്രതിപക്ഷനേതാവ് രാഹുല്‍ അപകടകരമായ രാജ്യവിരുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് ബിജെപി നേതാവ് സംബിത് പാത്ര.

പാര്‍ലമെന്റ് സ്തംഭിപ്പിച്ചും സംഭാലില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചും പ്രതിപക്ഷം നടത്തുന്ന നീക്കങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഇക്കൂട്ടരുമായുണ്ടാക്കിയ ധാരണയുടെ ഭാഗമാണ്. വിദേശ ഏജന്‍സിയായ ഓര്‍ഗനൈസ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്‌ട് (ഒസിസിആര്‍പി) ആണ് രാഹുലിനെ നയിക്കുന്നത്. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രാഹുല്‍ കരയും. രാഹുല്‍ കരഞ്ഞാല്‍ ഒസിസിആര്‍പിക്ക് നോവും. അവര്‍ രണ്ട് ശരീരവും ഒരു ആത്മാവുമാണ്.

സോറോസും രാഹുലും ഒന്നാണ്. രാജ്യതാത്പര്യങ്ങളെ ഹനിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കാന്‍ എനിക്ക് മടിയില്ല, സംബിത് പാത്ര പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും സോണിയയ്‌ക്കും എതിരായ നിയമനടപടികളെ രാഷ്‌ട്രീയപ്രേരിതമെന്നാണ് ഒസിസിആര്‍പി വിശേഷിപ്പിച്ചത്.

രാജ്യം മുന്നോട്ട് പോകണമെന്നും പാര്‍ലമെന്റ് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ആഗ്രഹിക്കുന്നില്ല. ലോകശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ കുതിപ്പ് തടയാനുള്ള വിദേശ ഏജന്‍സികളുടെ നീക്കങ്ങളുടെ ഭാഗമാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്, സംബിത് പാത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *