ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ, US അടക്കം പങ്കാളികള്‍; ഗുരുതര ആരോപണങ്ങളുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേല്‍, ഗാസ മുനമ്ബില്‍ വംശഹത്യയാണ് നടത്തുന്നതെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണല്‍.

യു.എസ്. ഉള്‍പ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും ഈ വംശഹത്യയില്‍ പങ്കാളികളാണെന്നും റിപ്പോർട്ടില്‍ ആരോപിക്കുന്നു.

മാരക ആക്രമണങ്ങള്‍ നടത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ തകർത്തും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവയുടെ വിതരണം തടസ്സപ്പെടുത്തിയും പലസ്തീനികളെ കരുതിക്കൂട്ടി തകർക്കാനുള്ള നടപടികളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ആംനസ്റ്റി ഇന്റർനാഷണല്‍ തങ്ങളുടെ റിപ്പോർട്ടില്‍ ആരോപിക്കുന്നു.

ആംനസ്റ്റിയുടെ കണ്ടെത്തലുകള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കണം. ഇത് വംശഹത്യയാണ്. ഇത് ഇപ്പോള്‍ അവസാനിപ്പിക്കണം, സംഘടനയുടെ സെക്രട്ടറി ജനറല്‍ ആഗ്നസ് കലമാർഡ് റിപ്പോർട്ടില്‍ പറയുന്നു. 2023 ഒക്ടോബർ ഏഴാം തീയതി ഹമാസ്, ഇസ്രയേലിന് നേർക്ക് നടത്തിയ ആക്രണമാണ് നിലവിലെ രക്തച്ചൊരിച്ചിലിലേക്ക് വഴിതെളിച്ചത്.

ഇസ്രയേലിന്റെ യു.എസ്. ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും ഈ വംശഹത്യയില്‍ പങ്കാളികളാണെന്നും ഇസ്രയേലിന് ആയുധങ്ങള്‍ വിതരണം നിർത്തണമെന്നും ആംനസ്റ്റി ഇന്റർനാഷണല്‍ റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം, ആംനസ്റ്റിയുടെ ആരോപണത്തെ ഇസ്രയേല്‍ നിരാകരിച്ചു. റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും കള്ളങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇസ്രയേലിന്റെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഹമാസിന്റെ ആക്രണമാണ് യുദ്ധത്തിന് വഴിവെച്ചതെന്ന് പറഞ്ഞ ഇസ്രയേല്‍, അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *