പട്ടാള നിയമം പ്രഖ്യാപിച്ചതില്‍ പ്രതിഷേധം; ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി രാജിവെച്ചു

ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് രാജി.

രാജി അംഗീകരിച്ചതായി പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറിയിച്ചു. സൗദി അറേബ്യയിലെ അംബാസഡര്‍ ചോയ് ബ്യുങ് ഹ്യുക്കിനെ പുതിയ പ്രതിരോധമന്ത്രിയായി നാമനിര്‍ദേശം ചെയ്തതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

ഭരണ പ്രതിസന്ധി മറികടക്കാന്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 300 അംഗ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷവും ചെറു കക്ഷികളും ചേര്‍ന്ന് 192 അംഗങ്ങളാണുള്ളത്. ഭരണകക്ഷിയിലെ ചില അംഗങ്ങളും പ്രതിപക്ഷ നീക്കത്തെ പിന്തുണക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസാകണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെയും ഭരണഘടനാബെഞ്ചില്‍ ആറു ജഡ്ജിമാരുടെയും പിന്തുണ വേണം.

പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രസിഡന്റ് യൂന്‍ സുക് യോള്‍ രാജ്യത്ത് അടിയന്തര പട്ടാള ഭരണമേർപ്പെടുത്തിയത്. രാജ്യത്തിന്റെ ജനാധിപത്യവും സ്ഥിരതയുമൊക്കെ ഉത്തര കൊറിയയുമായി ചേർന്ന് പ്രതിപക്ഷം നശിപ്പിക്കുന്നു എന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. ഉത്തരകൊറിയയുമായി ചേർന്ന് സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്നും പ്രസിഡന്റ് യൂന്‍ സുക് യോള്‍ ആരോപിച്ചിരുന്നു.

പട്ടാളനിയമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായതിന് പിന്നാലെ സൈന്യം പാർലമെന്റ് വളഞ്ഞു. എന്നാല്‍ ജനമൊന്നാകെ തെരുവിലിറങ്ങി വൻ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. അസംബ്ലിയിലും പ്രതിഷേധമലയടിച്ചു. പാർലമെന്റംഗങ്ങള്‍ എല്ലാവരും നിയമത്തില്‍ എതിർപ്പറിയിച്ചതിന് പിന്നാലെ ആറ് മണിക്കൂറുകള്‍ക്ക് ശേഷം പ്രസിഡന്റ് പ്രഖ്യാപനം പിൻവലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *