മൂന്ന് മാസം പോലും തികച്ചില്ല; അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് ഫ്രഞ്ച് പ്രധാനമന്ത്രി, സര്‍ക്കാര്‍ വീണു

 ഫ്രാൻസില്‍ രാഷ്ട്രീയ അസ്ഥിരതയുടെ ആക്കം കൂട്ടി അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി മിഷേല്‍ ബാർണിയ.

ഇതോടെ അധികാരം ഏറ്റെടുത്ത് മൂന്ന് മാസം തികയ്ക്കും മുൻപ് തന്നെ ബാർനിയ നേതൃത്വം നല്‍കുന്ന സർക്കാർ വീണു. ബുധനാഴ്‌ച സഭയില്‍ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലാണ് ബാർണിയ പരാജയപ്പെട്ടത്. സെപ്റ്റംബർ അഞ്ചിനായിരുന്നു ബാർണിയ രാജ്യത്തെ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത്.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായ ഫ്രാൻസിനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഈ സംഭവ വികാസങ്ങള്‍ നടന്നത്. ഇതോടെ ഏറ്റവും കുറഞ്ഞ കാലം ഫ്രാൻസില്‍ പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയെന്ന റെക്കോർഡ് മിഷേല്‍ ബാർണിയക്ക് സ്വന്തമാവും. ആറ് പതിറ്റാണ്ടുകള്‍ക്ക് ഇടയില്‍ ആദ്യമായാണ് ഫ്രാൻസില്‍ ഒരു സർക്കാർ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുന്നത്.

അവസാനമായി 1962ലാണ് ഫ്രാൻസില്‍ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് ഒരു സർക്കാർ അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയത്. ബജറ്റിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് മിഷേല്‍ ബാർണിയയുടെ സ്ഥാനം തെറിക്കാൻ കാരണമായത്. ബാർണിയക്ക് എതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ തീവ്ര വലതുപക്ഷവും ഇടതു പക്ഷവും ഒരുപോലെ കൈകോർത്തു എന്നതാണ് ശ്രദ്ധേയമായ കാര്യം.

അവിശ്വാസപ്രമേയത്തില്‍ 331 എംപിമാരാണ് ബാർണിയർക്ക് എതിരെ വോട്ട് രേഖപ്പെടുത്തിയത്. ആകെ 288 വോട്ടുകള്‍ മാത്രമായിരുന്നു പ്രമേയം പാസാവാൻ വേണ്ടിയിരുന്നത്. ഇടത് പക്ഷമാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ തീവ്ര വലതുപക്ഷം ഇതിന് പിന്തുണ അറിയിച്ചതോടെയാണ് ബാർണിയർ സർക്കാരിന്റെ പതനം പൂർണമായത്.

നേരത്തെ 60 ബില്യണ്‍ യൂറോ നികുതി വർധന, ചിലവ് ചുരുക്കല്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബാർണിയയുടെ ബജറ്റ് പാർലമെന്റില്‍ വലിയ എതിർപ്പുകള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ ഇവയെല്ലാം മറികടന്ന് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ വോട്ടെടുപ്പില്ലാതെ ധനബില്‍ പാസാക്കാനുള്ള ബാർണിയയുടെ നീക്കമാണ് നിലവില്‍ അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്.

ഫ്രാൻസിലെ രാഷ്ട്രീയ അസ്ഥിരത യൂറോപ്യൻ യൂണിയനെയാവും ഏറ്റവുമധികം ബാധിക്കുക. ജർമ്മനിയിലെ സഖ്യ സർക്കാരില്‍ ഉണ്ടായ പൊട്ടിത്തെറികളില്‍ ആശങ്കപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് യൂറോപ്യൻ യൂണിയനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഫ്രാൻസില്‍ ഭരണകൂടം നിലംപതിക്കുന്നത്. ഫ്രാൻസിലാവട്ടെ ഏറെനാളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്ന കാര്യമാണ് ഇത്.

സാമ്ബത്തിക കാര്യങ്ങളില്‍ വലിയ പ്രതിസന്ധിയാണ് ഫ്രാൻസ് അഭിമുഖീകരിക്കുന്നത്. അടുത്തിടെ ഫ്രാൻസിന്റെ കടമെടുപ്പ് ഗ്രീസിനെ മറികടന്ന് കുതിച്ചിരുന്നു. ഇതോടെ നിക്ഷേപകർ അടക്കം ആശങ്കയിലാണ്. ഈ പ്രതിസന്ധി തുടരുന്നതിനിടെയാണ് സർക്കാർ വീഴുന്നത്. പുതിയ പ്രധാനമന്ത്രി വരുന്നത് വരെ ബാർണിയർ കാവല്‍ പ്രധാനമന്ത്രിയാവും എന്നാണ് കരുതുന്നത്. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതും നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *