വീണ്ടും പെനാല്‍റ്റി പാഴാക്കി എംബാപ്പെ; ലാലിഗയില്‍ റയലിന് തോല്‍വി, 2-1 ന് ഞെട്ടിച്ചത് ബില്‍ബാവോ

ലാലിഗയില്‍ ബാഴ്സയുടെ തേരോട്ടം തടയിടാനുള്ള അവസരം കളഞ്ഞുകളിച്ച്‌ റയല്‍ മാഡ്രിഡ്. അത്ലറ്റികോ ബില്‍ബാവോക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളിനാണ് റയല്‍ കീഴടങ്ങിയത്.

ബില്‍ബാവോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അലക്സാൻട്രോ റെമിറോയും ഗോർക്ക ഗുരുസെറ്റയുമാണ് ഗോള്‍ കണ്ടെത്തിയത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിനായി ആശ്വാസ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ അവസരങ്ങളേറെ തുറന്നിട്ടും ഗോളടിക്കാനാകാത്തത് റയലിന് വിനയായി. 13ാം മിനിറ്റില്‍ കിലിയൻ എംബാപ്പെ ബില്‍ബാവോയുടെ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് വിളിച്ചു.

രണ്ടാം പകുതിയില്‍ 53ാം മിനിറ്റില്‍ ബില്‍ബാവോ ലീഡെടുത്തു (1-0). ഇടതുവിങ്ങില്‍ നിന്നും ഇനാക്കി വില്യംസ് നല്‍കിയ ലോങ് ക്രോസ് ഗോള്‍ കീപ്പറുടെ കൈകളില്‍ തട്ടിതെറിച്ചപ്പോള്‍ അലക്സാൻട്രോ റെമീറോ സമർത്ഥമായി വലയിലെത്തിച്ചു. തുടർന്ന് കളിയിലേക്ക് തിരിച്ചുവരാനുള്ള റയലിന് 66ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി വീണ് കിട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.

അന്റോണിയോ റൂഡിഗറിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സൂപ്പർ താരം എംബാപ്പെ കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഗോള്‍ കീപ്പറുടെ കൈകളിലേക്ക് അടിച്ചുകൊടുത്തു.

എന്നാല്‍, 78ാം മിനിറ്റില്‍ റയല്‍ സമനില ഗോള്‍ കണ്ടെത്തി. എംബാപ്പെയുടെ ലോങ് റെഞ്ചർ തട്ടിതെറിപ്പിച്ച ബില്‍ബാവോ ഗോള്‍കീപ്പറുടെ കൈകളില്‍ നിന്ന് പന്ത് റാഞ്ചി ജൂഡ് ബെല്ലിങ്ഹാം വലയിലെത്തിച്ചു(1-1).

പക്ഷേ റയലിന്റെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായില്ല. രണ്ട് മിനിറ്റിനകം ബില്‍ബാവോ വീണ്ടും ലീഡെടുത്തു. റയലിന്റെ പ്രതിരോധ പിഴവില്‍ ഗോർക്ക ഗുരുസെറ്റയാണ് ഗോള്‍ നേടിയത് (2-1). 15 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി റയല്‍ ലാലീഗ പോയിന്റ് പട്ടികയില്‍ രണ്ടാത് തുടരുകയാണ്. 16 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുള്ള ബാഴ്സയെ മറികടക്കാനുള്ള അവസരമാണ് ബില്‍ബാവോക്കെതിരെ നഷ്ടപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *