എമിറേറ്റില്‍ ഈദുല്‍ ഇത്തിഹാദ് ആഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത നിരവധി വാഹനങ്ങള്‍ പിടികൂടി അജ്മാൻ പൊലീസ്.
അജ്മാൻ ബീച്ച് റോഡില്‍ കഴിഞ്ഞ ദിവസം നടന്ന ഈദുല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കിടെയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നേരത്തേ ഈദുല്‍ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ച് പൊലീസ് മാർഗ നിർദേശങ്ങളും നിയമങ്ങളും പുറപ്പെടുവിച്ചിരുന്നു.
ഇത് ലംഘിക്കുന്ന രീതിയില്‍ വാഹനമോടിച്ചവർക്കെതിരെയാണ് നടപടി. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഡ്രൈവർമാരെ തുടർ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ആഘോഷ വേളയില്‍ നിയമം ലംഘിച്ചുള്ള സ്പ്രേ ഉപയോഗം, വാഹനത്തിന്‍റെ മുകളിലും ഡോറുകളിലും അപകടകരമായ രീതിയില്‍ തൂങ്ങിക്കിടന്നുള്ള അഭ്യാസ പ്രകടനം തുടങ്ങിയ നിയമ ലംഘനങ്ങളാണ് നടന്നത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്‍റ് കേണല്‍ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.
വാഹനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച് അപകടമുണ്ടാക്കുകയും എൻജിനില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തത് കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി. ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ആവശ്യകതകളും സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെ വിപുലമായ ബോധവത്കരണം പൊലീസ് നടത്തിയിരുന്നു. ഇത് വകവെക്കാതെ വാഹനമോടിച്ചവർക്കെതിരെയാണ് ശക്തമായ നടപടി സ്വീകരിച്ചതെന്ന് ലഫ്റ്റനന്‍റ് കേണല്‍ റാശിദ് ഹുമൈദ് ബിൻ ഹിന്ദി ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും സുരക്ഷക്ക് ഭീഷണിയാവുകയും ചെയ്യുന്നവർ അജ്മാൻ പൊലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.