ഡിസംബർ ഏഴിന് നടക്കുന്ന പാരീസിലെ നവീകരിച്ച നോത്ര്‌ദാം കത്തീഡ്രലിന്‍റെ പുനർക്കൂദാശാകർമത്തില്‍ പങ്കെടുക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
പ്രസിഡന്‍റ് മക്രോണിന്‍റെ ക്ഷണം സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ട്രംപിന്‍റെ ആദ്യത്തെ വിദേശയാത്ര പാരീസിലേക്കായത് മക്രോണിന്‍റെ നയതന്ത്രവിജയമായാണ് കരുതപ്പെടുന്നത്. അന്പതോളം രാഷ്‌ട്രത്തലവന്മാർ പള്ളിയുടെ പുനർസമർപ്പണച്ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
കൂദാശാകർമം നടക്കുന്ന ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് (ഈസ്റ്റേണ്‍ ടൈം) അമേരിക്കയിലെ പള്ളികളില്‍ മണികളെല്ലാം മുഴക്കണമെന്ന് അമേരിക്കൻ മെത്രാൻസമിതി നിർദേശിച്ചു. സഭയുടെ മൂത്ത പുത്രിയായ ഫ്രഞ്ച് സഭയോടുള്ള കൂട്ടായ്മ ഇങ്ങനെ പ്രകടിപ്പിക്കുന്നത് ഉചിതമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
പള്ളിയുടെ കൂദാശാകർമം പ്രമാണിച്ച് പാരീസില്‍ ഇന്നുമുതല്‍ ഒൻപതു വരെ ട്രാഫിക് നിയന്ത്രണങ്ങളുണ്ടാകും. പള്ളി സ്ഥിതി ചെയ്യുന്ന സേൻ നദിയിലെ ദ്വീപിലേക്ക് പ്രത്യേക ക്ഷണിതാക്കള്‍ക്കും സ്ഥിരം താമസക്കാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. കർശനമായ പരിശോധനയ്ക്കു ശേഷമായിരിക്കും പ്രവേശനം.
റെയില്‍, റോഡ്, മെട്രോ ഗതാഗതങ്ങള്‍ക്കെല്ലാം നിയന്ത്രണമുണ്ട്. നദിയുടെ വലത്തേ കരയില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ സ്ക്രീനുകളില്‍ പരിപാടികള്‍ വീക്ഷിക്കാൻ അര ലക്ഷത്തോളം പേർക്കു സൗകര്യമുണ്ടാകും.