ക്രിമിനല്‍ കേസുകള്‍ നേരിടുന്ന മകൻ ഹണ്ടർ ബൈഡനു മാപ്പുനല്‍കി സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്‍റ് ജോ ബൈഡൻ.
മകനെതിരായ കേസുകള്‍ നിയമവ്യവസ്ഥയുടെ ദുരുപയോഗമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
പ്രസിഡന്‍റ് പദവിയുടെ അധികാരം ഉപയോഗിച്ച് ഹണ്ടറിനു മാപ്പുനല്‍കില്ലെന്ന് ബൈഡൻ നേരത്തെ ആവർത്തിച്ചു പറഞ്ഞിരുന്നു. ഇതില്‍ നിന്നും വ്യതിചലിച്ചാണ് പുതിയ തീരുമാനം ബൈഡൻ പ്രഖ്യാപിച്ചത്
നികുതിവെട്ടിപ്പ്, മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കുവാങ്ങല്‍ എന്നീ രണ്ടു കേസുകളാണു ഹണ്ടറിനെതിരേയുള്ളത്. 25 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന തോക്കുകേസില്‍ കോടതി ജൂണില്‍ ഹണ്ടർ കുറ്റക്കാരനെന്നു വിധിച്ചിരുന്നു.
ശിക്ഷാപ്രഖ്യാപനത്തിന് വരുന്നയാഴ്ച കോടതി ചേരാനിരിക്കേയാണു ബൈഡൻ മകന് ഉപാധികളില്ലാതെ മാപ്പുനല്കിയത്. 17 വർഷം വരെ തടവു ലഭിക്കാവുന്ന നികുതി വെട്ടിപ്പു കേസില്‍ ഹണ്ടർ സെപ്റ്റംബറില്‍ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെങ്കിലും രാഷ്‌ട്രീയം നിയമവ്യവസ്ഥയെ ബാധിച്ചുവെന്നും പ്രസിഡന്‍റിനു പുറമേ പിതാവുകൂടിയായ ഒരാള്‍ എടുത്ത തീരുമാനത്തെ അമേരിക്കൻ ജനത അംഗീകരിക്കുമെന്നും ബൈഡൻ വിശദീകരിച്ചു.
ബൈഡന്‍റെ നടപടി നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നു നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. മുൻ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ 2001ല്‍ മയക്കുമരുന്നു കേസ് നേരിടുന്ന തന്‍റെ അർധസഹോദരൻ റോജർ ക്ലിന്‍റന് മാപ്പു നല്കിയിരുന്നു.
2020ല്‍ ഡോണള്‍ഡ് ട്രംപ് മകള്‍ ഇവാങ്കയുടെ ഭർതൃപിതാവ് ചാള്‍സ് കുഷ്നർക്കും മാപ്പുനല്കിയിട്ടുണ്ട്.