ഐ ലീഗ് ഫുട്ബോള്‍ ; തട്ടകത്തില്‍ സമനില

കോഴിക്കോട് സ്വന്തം തട്ടകത്തിലെ ആദ്യകളിയില്‍ ഗോകുലത്തിന് സമനിലക്കുരുക്ക്. ഐലീഗ് ഫുട്ബോളില്‍ ഐസ്വാള്‍ എഫ്സിയാണ് 1–1ന് തളച്ചത്.

കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്സിക്കായി മലയാളി മധ്യനിരക്കാരൻ പി പി റിഷാദും ഐസ്വാളിനായി മുന്നേറ്റക്കാരൻ ലാല്‍ ഹൃയത്പുയയും ഗോള്‍ നേടി.

തുടക്കംമുതല്‍ ആക്രമിച്ചുകളിച്ച ഗോകുലത്തിന് ലക്ഷ്യം പിഴയ്ക്കുന്നതാണ് കണ്ടത്. 13–-ാംമിനിറ്റില്‍ ഹൃയത്പുയയിലൂടെ ഐസ്വാളാണ് ആദ്യം വലകുലുക്കിയത്. ബിയാകാത്ത എടുത്ത കോർണർ കിക്ക് ഹൃയത് കൃത്യമായി വലയിലേക്ക് കുത്തിയിട്ടു. തൊട്ടുപിന്നാലെ ഗോളി ഹ്രിയാത്പുയ പരിക്കുപറ്റി കളംവിട്ടത് ഐസ്വാളിന് തിരിച്ചടിയായി.

പിന്നിലായതോടെ തുടരെയുള്ള മുന്നേറ്റങ്ങളിലൂടെ ഗോകുലം എതിർ ഗോള്‍മുഖം വിറപ്പിച്ചു. ആദ്യപകുതിക്ക് പിരിയുന്നതിന് നിമിഷങ്ങള്‍ക്കുമുമ്ബ് റിഷാദ് ഗോകുലത്തെ ഒപ്പമെത്തിച്ചു. പരിക്കുസമയത്ത് മൈതാനമധ്യത്തുനിന്ന് സ്പാനിഷ് താരമായ ക്യാപ്റ്റൻ സെർജിയോ ലാമാസ് നീട്ടി നല്‍കിയ പാസ് റിഷാദ് കാലിലാക്കി. ബോക്സിന് പുറത്തുനിന്ന് തൊടുത്ത പന്ത് ഐസ്വാള്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോള്‍വലയുടെ ഇടതുമൂലയില്‍ മുകളിലായി വിശ്രമിച്ചു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നില്‍നിന്ന ഗോകുലത്തിന് ഫിനിഷിങ് പിഴയ്ക്കുന്നതാണ് രണ്ടാംപകുതിയില്‍ കണ്ടത്. പകരക്കാരനായി ഇറങ്ങിയ ഗോളി ജോയല്‍ പലകുറി മിസോറാം ടീമിന്റെ രക്ഷകനായി. മഴ ഭീഷണിയില്‍ പ്രതീക്ഷച്ചത്ര കാണികള്‍ എത്തിയില്ല. 6243 പേർ ഗ്യാലറിയിലെത്തി.

മൂന്നു കളിയില്‍ രണ്ട് സമനിലയും ഓരു ജയവുമായി അഞ്ച് പോയിന്റാണ് ഇരു ടീമിനും. ഗോള്‍ വ്യത്യാസത്തില്‍ ഐസ്വാള്‍ പട്ടികയില്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്. നാംധാരി ക്ലബ്ബിനെ ഒരു ഗോളിന് കീഴടക്കി ഏഴ് പോയിന്റുമായി ഡെമ്ബോ ഗോവ ഒന്നാമതെത്തി. ആറ് പോയിന്റുള്ള ഇന്റർകാശിയാണ് രണ്ടാമത്. ഏഴിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തില്‍ ചർച്ചില്‍ ബ്രദേഴ്സുമായാണ് ഗോകുലത്തിന്റെ അടുത്ത കളി.

Leave a Reply

Your email address will not be published. Required fields are marked *