എറണാകുളം മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കുറ്റപത്രം അനുസരിച്ച് ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കും. കേസിലെ പ്രതികളായ 16 കാമ്ബസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കോടതിയില്‍ ഹാജരാകണമെന്ന് കോടതിയുടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ അര്‍ജ്ജുനെ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം.
കേസിലെ പതിനാറ് പ്രതികള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി. കേസിലെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനസൃഷ്ടിച്ചാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.