‘നമ്മള്‍ തമ്മില്‍ ഇനിയൊരു സിനിമ ഉണ്ടാകില്ല’: സംവിധായകനോട് മോഹൻലാല്‍, കാരണം മമ്മൂട്ടി!

മമ്മൂട്ടി, മോഹൻലാല്‍, ഗീത തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായ സിനിമയാണ് ഗീതം. സാജൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയത് 1986 ല്‍ ആണ്.

ഈ സിനിമ പൂർത്തിയായതോടെ സാജന് നഷ്ടപെട്ടത് മോഹൻലാല്‍ എന്ന നടനെയാണ്. ഗീതം എന്ന ചിത്രത്തിന് ശേഷം ഇനിയൊരു സിനിമ നമ്മള്‍ ഒരുമിച്ച്‌ ചെയ്യില്ലെന്ന് മോഹൻലാല്‍ തന്നോട് പറഞ്ഞതായി സാജൻ വെളിപ്പെടുത്തുന്നു. അതിന് കാരണം മമ്മൂട്ടി ആയിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

‘ഗീതം എന്ന ചിത്രം ഞാൻ ഒരുപാട് ആഗ്രഹിച്ച്‌ ചെയ്ത സിനിമ ആയിരുന്നു. എനിക്ക് ആ സിനിമ കാരണം ഒരു വലിയ നടനെ നഷ്ടപ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍ എനിക്കിപ്പോഴും വലിയ വിഷമമുണ്ട്. നജൻ നിഷ്കളങ്കനാണ്. ഗീതത്തില്‍ മമ്മൂട്ടിയും മോഹൻലാലും ഉള്ളൊരു രംഗം വളരെ കൊഴുപ്പിച്ചാണ് എടുത്തത്. ലാല്‍ ‘നോ ഇറ്റ്സ് ടൂ ബാഡ്’ എന്നൊക്കെ പറയുന്ന രംഗം തിയേറ്ററില്‍ ഉണ്ടായിരുന്നെങ്കില്‍ വൻ കയ്യടി ആയേനെ.

എന്നാല്‍, ആ സീൻ എടുത്ത് കഴിഞ്ഞ് മമ്മൂട്ടി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ‘ഇത്രയും ഭംഗിയായി അഭിനയിച്ചിട്ട് ലാല്‍ എന്റെ അടുത്ത് അവസാനം നോ ഇറ്റ്സ് ടൂ ബാഡ് എന്ന് പറയുമ്ബോള്‍ അത്രയും നേരം ഞാൻ കിടന്ന് കഷ്ടപ്പെട്ടത് വെറുതെ ആകില്ലേ? അതുകൊണ്ട് അത് കട്ട് ചെയ്യണമെന്ന്’

മമ്മൂട്ടിയെ വെറുപ്പിച്ച്‌ കൊണ്ട് നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. കാരണം, മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ആ സീൻ ഒഴിവാക്കാൻ എനിക്ക് വലിയ സങ്കടമായിരുന്നു. ഡബ്ബിങിന്റെ സമയത്ത് ലാല്‍ ചോദിച്ചു ‘അതൊഴിവാക്കി അല്ലെ’ എന്ന്. ലാലിന് വിഷമമായി എന്നെനിക്ക് മനസിലായി. ഡബ്ബിങ് കഴിഞ്ഞ് ലാല്‍ പോകുമ്ബോള്‍ എന്റെ മനസിന് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറഞ്ഞിട്ടാണ് പോയത്. ‘നമ്മള്‍ തമ്മില്‍ ഇനിയൊരു കൂടിച്ചെരല്‍ ഉണ്ടാകില്ല’ എന്ന്’, സാജൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *