കനാലില്‍ ബൈക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്തു.
പുതിയകാവ് എം.എല്‍.എ. റോഡ് അംബിക നിവാസില്‍ വിജില്‍ കുമാർ (48) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ മനഃപൂർവമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുരീക്കാട്-എരുവേലി റോഡിന് സമീപം കനാല്‍ ബണ്ട് റോഡിലെ കനാലില്‍ നെട്ടൂർ തെക്കേവീട്ടില്‍ പറമ്ബില്‍ ഷാഹിൻ ബീവിയെ (ഷാനി-45) മരിച്ച നിലയില്‍ കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് അമിതമായി മദ്യപിച്ച് മദ്യലഹരിയിലായിരുന്ന വിജില്‍ കുമാർ, യുവതിയെ അവരുടെ സുഹൃത്തായ സ്ത്രീയുടെ വീട്ടിലാക്കാനായി വരുംവഴി ബൈക്ക് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.
മദ്യലഹരിയില്‍ അബോധാവസ്ഥയിലായ ഇയാള്‍ക്ക് രാവിലെ ബോധം വന്നപ്പോഴാണ് അപകടവിവരം ആളുകള്‍ അറിഞ്ഞത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാള്‍ക്കെതിരെ ഉദയംപേരൂർ പോലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.