അമേരിക്കയില്‍ താങ്ക്‌സ്ഗിവിങ് ദിവസത്തില്‍ ടർക്കി ഫ്രൈ ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തില്‍ നാല് മില്യണ്‍ ഡോളറിന്റെ (33.89 കോടി) വീട് കത്തിനശിച്ചു.
സതേണ്‍ കണക്ടിക്കട്ടിലെ ഒരു കുടുംബത്തിനാണ് കോടികള്‍ വിലമതിക്കുന്ന വീട് നിമിഷങ്ങളുടെ അശ്രദ്ധയുടെ പേരില്‍ ഇല്ലാതായത്. തീപിടിത്തമുണ്ടായ സമയത്ത് 40ഓളം പേർ വീടിനുള്ളില്‍ ഉണ്ടായിരുന്നതായി വെസ്റ്റേണ്‍ ഫയർ ചീഫ് ജോണ്‍ പൊക്കേണി പറഞ്ഞു.
അപകടത്തില്‍ ആർക്കും പരിക്കുകള്‍ ഏറ്റിട്ടില്ല. തീപിടിത്തമുണ്ടായതിന് പിന്നാലെ ഫയർ അലാറം പ്രവർത്തനക്ഷമമായിരുന്നു, ഉടൻ തന്നെ അഗ്നിശമനസേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് എത്തി. ഗാരേജില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും, വീടിനുള്ളില്‍ ഉണ്ടായിരുന്നവർ പെട്ടന്ന് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും അധികൃതർ പറയുന്നു.
ആളുകളെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും വീട് പൂർണമായും അഗ്നിക്കിരയാവുകയായിരുന്നു. 16 മണിക്കൂറിലേറെ സമയമെടുത്താണ് പൂർണമായും തീയണച്ചത്. ഗാരേജില്‍ ടർക്കി ഫ്രൈ ചെയ്തിരുന്നുവെന്നും, ഇവിടെ നിന്ന് വീടിന്റെ ഭാഗങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കത്തിനശിച്ച വീട്ടില്‍ 11 കിടപ്പുമുറികളാണ് ഉണ്ടായിരുന്നത്. 9378 ചതുരശ്ര അടി വിസ്തീർണമാണ് വീടിനുള്ളത്. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.