ജീവനക്കാരുടെ വ്യക്തിഗത ഡിവൈസുകളിലും കൗഡ് അക്കൗണ്ടുകളിലും അനധികൃതമായി നിരീക്ഷണം നടത്തിയെന്ന പരാതിയില്‍ ടെക് ഭീമൻ ആപ്പിളിനെതിരെ നിയമനടപടി.
ശമ്ബളവും തൊഴില്‍ സാഹചര്യവും ചർച്ച ചെയ്യുന്നതില്‍ നിന്നും തടഞ്ഞുവെന്നും പരാതിയുണ്ട്. ആപ്പിളിന്റെ ഡിജിറ്റല്‍ പരസ്യമേഖലയില്‍ പ്രവർത്തിക്കുന്ന അമർ ഭക്ത എന്ന ജീവനക്കാരനാണ് കാലിഫോർണിയ കോടതിയില്‍ ആപ്പിളിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. കമ്ബനിയിലെ തൊഴിലാളികളോട് ആപ്പിള്‍ അവരുടെ വ്യക്തിഗത ഇ-മെയില്‍, ഫോട്ടോ ലൈബ്രറികള്‍, ആരോഗ്യം നിരീക്ഷിക്കുന്ന ആപ്പുകള്‍ എന്നിവയില്‍ ആക്സസ് ഉള്ള സോഫ്റ്റ്വെയർ ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുന്നുവെന്നാണ് ഭക്ത സമർപ്പിച്ച പരാതിയിലുള്ളത്. ഇവ കൂടാതെ ജോലിക്കാരുടെ വീടുകളുടെ റിമോട്ട് ആക്സസ് സേവനത്തിനായുള്ള സ്മാർട്ട് ഹോം ഫീച്ചറും, മറ്റ് സ്വകാര്യ വിവരങ്ങളും ആപ്പിള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. ഈ ആരോപണങ്ങള്‍ക്ക് പുറമെ തൊഴില്‍ സാഹചര്യങ്ങള്‍ ചർച്ച ചെയ്യുന്നതില്‍ നിന്നും, ഈ വിവരങ്ങള്‍ മറ്റുള്ളവരുമായി നിയമപരമായി പങ്കുവെക്കുന്നതില്‍ നിന്നും ജീവനക്കാരെ വിലക്കുന്ന നടപടികളും ആപ്പിള്‍ സ്വീകരിക്കുന്നുണ്ടെന്നും പരാതിയിലുള്‍പ്പെടുന്നു.
2020 മുതല്‍ പരാതിക്കാരൻ ആപ്പിളില്‍ ജോലി ചെയ്യുന്നുണ്ട്. പോഡ്കാസ്റ്റുകളില്‍ തന്റെ ജോലിയെക്കുറിച്ച് ചർച്ച ചെയ്യുന്നതില്‍ നിന്ന് വിലക്കിയെന്നും തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലില്‍ നിന്നും ജോലി സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നീക്കം ചെയ്യാൻ ആപ്പിള്‍ ആവശ്യപ്പെട്ടെന്നും ഭക്ത പറയുന്നു.ആപ്പിളിന്റെ ഈ നയങ്ങള്‍ തൊഴിലാളികളെ സ്വതന്ത്രമായി മറ്റ് ജോലികള്‍ തിരയുന്നതില്‍ നിന്നും, തൊഴിലിടങ്ങളില്‍ മത്സരാത്മക സ്വഭാവം കാണിക്കുന്നതില്‍ നിന്നും, തൊഴില്‍ മേഖലയിലെ വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്നും തൊഴിലാളികള്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന് പറയുന്നു.
എന്നാല്‍ തങ്ങള്‍ക്കെതിരായുള്ള പരാതി അടിസ്ഥാനരഹിതമാണെന്നാണ് ആപ്പിളിന്റെ പ്രതികരണം. ഇത് കൂടാതെ തങ്ങളുടെ തൊഴിലാളികള്‍ക്ക് തൊഴിലിടത്തിലെ അവകാശങ്ങളെക്കുറിച്ചും തൊഴില്‍ സാഹചര്യത്തെക്കുറിച്ചും വാർഷിക പരിശീലനം നല്‍കുന്നുണ്ടെന്നും ആപ്പിള്‍ പറഞ്ഞു. ആപ്പിളില്‍ തങ്ങള്‍ ലോകോത്തര ഉപകരണങ്ങളും സേവനങ്ങളും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്, തങ്ങളുടെ കമ്ബനിയുടെയും തൊഴിലാളികളുടെയും കണ്ടുപിടിത്തങ്ങള്‍ ഉപഭോക്താക്കളില്‍ സുരക്ഷിതമായി എത്തുന്നതില്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നു ആപ്പിള്‍ പ്രതികരിച്ചു.
പരാതിക്കാരന്റെ അഭിഭാഷകർ പരാതിക്കാരായ മറ്റ് രണ്ട് യുവതികള്‍ക്കൊപ്പവും കക്ഷി ചേർന്നിട്ടുണ്ട്. യുവതികളുടെ പരാതി പ്രകാരം ആപ്പിള്‍ തങ്ങളുടെ എഞ്ചിനിയറിങ്, മാർക്കറ്റിങ്, ആപ്പിള്‍ കെയർ എന്നീ മേഖലകളിലെ സ്ത്രീ തൊഴിലാളികളുടെ പ്രതിഫലം കുറയ്ക്കുന്നതിനായി തന്ത്രപരമായ രീതികള്‍ പിന്തുടരുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ തൊഴിലിടത്തില്‍ എല്ലാ കാര്യങ്ങളിലും തങ്ങള്‍ തുല്യത സ്വീകരിക്കുന്നുണ്ടെന്നും ശമ്ബളത്തിലും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്നും ആപ്പിള്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് പുറമെ യു.എസ് തൊഴിലാളി ബോർഡും ആപ്പിളിനെതിരെ മൂന്ന് പരാതികള്‍ നല്‍കിയിട്ടുണ്ട്. തൊഴിലിടത്തെ സന്ദേശമയക്കല്‍ ആപ്പായ സ്ലാക്കിന്റെയും മറ്റ് സമൂഹമാധ്യമങ്ങളുടെയും ഉപയോഗം നിയന്ത്രിച്ചുവെന്നും, ലൈംഗിക പക്ഷാപാതം, ശമ്ബള വിവേചനം എന്നീ പ്രശ്നങ്ങള്‍ പരസ്പരം ചർച്ച ചെയ്യുന്നത് നിയമവിരുദ്ധമായി തടയുന്നുവെന്നുമടക്കം മൂന്ന് പരാതികളാണ് തൊഴില്‍ ബോർഡില്‍ നിന്നും വന്നിട്ടുള്ളത്. എന്നാല്‍ ആപ്പിള്‍ ഇവ നിഷേധിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പ്രതിനിധിയായി തൊഴില്‍ സ്ഥാപനത്തിനെതിരെ തൊഴിലാളിക്ക് നിയമനടപടി സ്വീകരിക്കാവുന്ന കാലിഫോർണിയയുടെ പ്രത്യേക നിയമത്തിന്റെ പിൻബലത്തോടെയാണ് ഭക്ത ആപ്പിളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ കമ്ബനിയില്‍ നിന്നും പിഴ ചുമത്തുകയാണെങ്കില്‍ അതിലെ 35 ശതമാനം നേടാൻ കേസില്‍ കക്ഷി ചേർന്ന തൊഴിലാളിക്ക് അവകാശമുണ്ട്.