മുൻ കാമുകനെയും സുഹൃത്തിനെയും തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടിയും മോഡലുമായ നർഗീസ് ഫക്റിയുടെ സഹോദരി ആലിയ ഫക്റി അറസ്റ്റില്‍.
ന്യൂയോർക്ക് സിറ്റിയിലെ ക്യൂൻസിലെ മുൻ കാമുകന്റെ വസതിക്കാണ് നടി തീവെച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നവംബർ 26 നാണ് ആലിയ അറസ്റ്റിലായത്.
ആലിയയെ കൊലപാതകത്തിനും അനുബന്ധ കുറ്റങ്ങള്‍ക്കും അറസ്റ്റ് ചെയ്തതായി ക്വീൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്‌സ് അറിയിച്ചു. ആലിയയുടെ മുൻ കാമുകൻ എഡ്വേർഡ് ജേക്കബ്സ് (35), അനസ്താസിയ എറ്റിയെൻ (33) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജേക്കബിന്റെ വീടിന്റെ പ്രവേശന കവാടത്തിലുള്ള ഗാരേജിലാണ് ആലി തീകൊളുത്തിയത്. പുക ശ്വസിച്ച് പൊള്ളലേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് മെലിൻഡ കാറ്റ്‌സ് മാധ്യമങ്ങളെ അറിയിച്ചു.
ക്യൂൻസിലെ പാർസണ്‍സ് ബൊളിവാർഡില്‍ താമസിക്കുന്ന 43കാരിയായ ആലിയയെ നവംബർ 27ന് ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി റിമാൻഡ് ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍ അവർക്ക് ജീവപര്യന്തം തടവ് ലഭിക്കാം. ഡിസംബർ ഒമ്ബതിന് അവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും.