ദമാം: സൗദി അറേബ്യയിലെ പ്രവർത്തനങ്ങള്‍ വ്യാപിപ്പിച്ച് ലുലു ഗ്രൂപ്പ്. ദമാമിലെ അൽ ഫഖ്രിയയിലാണ് തങ്ങളുടെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ലുലു ഗ്രൂപ്പ് തുറന്നിരിക്കുന്നത്. ഖുതുബ് അൽ ദിൻ അൽ ഷാഫി സ്ട്രീറ്റിലുള്ള പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം വെസ്റ്റ് ദമാം മുനിസിപ്പാലിറ്റി മേധാവി ഫയീസ് ബിൻ അലി അൽ അസ്മരി നിർവ്വഹിച്ചു. പുതിയ ലുലു ഹൈപ്പർമാർക്കറ്റ് നവീനമായ ഷോപ്പിങ്ങ് അനുഭവം ഉപഭോക്താകൾക്ക് ഉറപ്പ് വരുത്തുമെന്ന് കമ്പനി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
20000 സ്ക്വയർ ഫീറ്റിലാണ് പുതിയ ഹൈപ്പർ മാർക്കറ്റിന്റെ പ്രവർത്തനം. ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, ഹോം അപ്ലെയ്ൻസ്, മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയുടെയെല്ലാം വൈവിധ്യമായ ശേഖരമാണ് അൽ ഫഖ്രിയ ലുലു ഹൈപ്പർമാർക്കറ്റിലും ഒരുക്കിയിരിക്കുന്നത്. മത്സ്യം, മാംസം എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറും ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രൊഡ്ക്ടുകൾക്ക് പ്രത്യേകം സെക്ഷനും ഇവിടെ തയ്യാറാണ്.
പ്രദേശവാസികളുടെയും പ്രവാസികളുടെയും ടൂറിസ്റ്റുകളുടെയും മികച്ച ഷോപ്പിങ് കേന്ദ്രമായി ഈ ഹൈപ്പർമാർക്കറ്റും മാറും എന്നതില്‍ സംശയമില്ല. പ്രധാനപ്പെട്ട ബു-ഹദ്രിയ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റിലേക്ക് ആളുകള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കും. 181 വാഹനങ്ങൾക്ക് ഒരേസമയം പാർക്കിങ്ങ് ചെയ്യാനുള്ള സൗകര്യമുണ്ട്
2024ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ 18 പുതിയ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പ് ഇതുവരെ തുറന്നിരിക്കുന്നത്. ഇതോടെ ലുലുവിൻ്റെ മൊത്തം സ്റ്റോറുകളുടെ എണ്ണം 247 ആയി. സൗദിയിലെ ലുലുവിന്റെ 66ആമത്തെ ഹൈപ്പർമാർക്കറ്റാണ് അൽ ഫഖ്രിയയിലേത്. സൗദി അറേബ്യയിൽ വിപുലമായ പ്രൊജക്ടുകളാണ് ലുലുവിനുള്ളത്. സൗദി അറേബ്യയിലെ ലുലുവിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയില്‍ സ്വന്തമായി 100 ഹൈപ്പർമാർക്കറ്റ് എന്നതാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യമെന്നായിരുന്നു യൂസഫലി ഈ മാസം ആദ്യം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ഹൈപ്പർമാർക്കറ്റാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളില്‍ 100 സ്റ്റോറുകളെന്ന ലക്ഷ്യം സാധ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പതിനായിരം സൗദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലിയോട് അനുബന്ധിച്ച് സൌദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലെ പ്രദർശനോദ്ഘാടനം നടക്കുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടായിരുന്നു യൂസഫലി നയം വ്യക്തമാക്കിയത്. ‘നിലവില്‍ ലുലു ഗ്രൂപ്പിന് സൗദി അറേബ്യയില്‍ 65 ഹൈപ്പർ മാർക്കറ്റുകളാണുള്ളത്. ഈ സ്ഥാപനങ്ങളിലായി 3800 ലേറെ സൗദികള്‍ നേരിട്ട് ജോലി ചെയ്യുന്നു. രണ്ട് വർഷത്തിനുള്ളില്‍ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 100 ആയി ഉയർത്തും. ഇതോടെ പതിനായിരത്തോളം സൗദികള്‍ക്ക് ലുലു ഗ്രൂപ്പ് തൊഴില്‍ അവസരം സൃഷ്ടിക്കും’ എന്നായിരുന്നു യൂസഫലിയുടെ വാക്കുകള്‍.