മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം ഇപ്പോള്‍ നൃത്തപരിപാടികളുമായി സജീവമാണ്. ഭരതനാട്യം ഗിന്നസ് വേള്‍ഡ് റെക്കോർഡ് പരിപാടിക്കായി കൊച്ചിയില്‍ എത്തിയ വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ തന്റെ പഴയ സിനിമാവിശേഷങ്ങളും പങ്കുവെക്കുന്നുണ്ട്.
ഏതാനും ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും 1996 ല്‍ പുറത്തിറങ്ങിയ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നിരയിലേക്ക് ഉയരുന്നത്. തുടർന്ന് കഥാനായകന്‍, വർണ്ണപ്പകിട്ട്, ഒരു മറുവത്തൂർ കനവ്, ഫ്രണ്ട്സ്, ഉസ്താദ്, ആകാശ ഗംഗ, നിറം തുടങ്ങിയ മുപ്പതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തിന് പുറമെ കന്നഡയിലും തമിഴിലും ഏതാനും ചിത്രങ്ങളിലും ദിവ്യ ഉണ്ണി പ്രവർത്തിച്ചിരുന്നു
ദിവ്യ ഉണ്ണി സിനിമയില്‍ സജീവമാകുന്ന അതേ കാലയളവില്‍ തന്നെയാണ് മഞ്ജു വാര്യറും മികച്ച വേഷങ്ങളുമായി ശ്രദ്ധേയമാകുന്നത്. ഇതോടെ മഞ്ജു വാര്യറും ദിവ്യ ഉണ്ണിയും തമ്മില്‍ ഒരു മത്സരം ഉണ്ടെന്ന രീതിയിലുള്ള പ്രചരണം അന്ന് മുതല്‍ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ അടക്കമുള്ള തന്റെ ഭാഗം വ്യക്തമാക്കുകയാണ് ദിവ്യ ഉണ്ണി. കൗമുദി മുവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആരുമായിട്ടും മത്സരമൊന്നും ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടാവുകയും ഇല്ല. നമ്മളെ എല്‍പ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച റിസല്‍ട്ട് നല്‍കിയാലാണല്ലോ വളർച്ച ഉണ്ടാവുക. ആ ഒരു ചിന്താഗതിയിലാണ് ഓടിക്കൊണ്ടിരുന്നത്. ഡാന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സംസാരിക്കുമായിരുന്നു. ‘ എന്നാണ് മഞ്ജു വാര്യറുമായി മത്സരം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ദിവ്യ ഉണ്ണി മറുപടി നല്‍കുന്നത്.
അതേസമയം, മഞ്ജു വാര്യറും ദിവ്യ ഉണ്ണിയും തമ്മില്‍ സിനിമ സെറ്റില്‍ വെച്ച് വഴക്കിട്ടെന്ന രീതിയിലെന്നുള്ള പ്രചരണം സിനിമ മേഖലയില്‍ പണ്ട് മുതല്‍ തന്നേയുണ്ട്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ഒരു അഭിമുഖത്തില്‍ ദിവ്യ ഉണ്ണി വ്യക്തത വരുത്തിയിരുന്നു. ‘ പുറത്ത് നിന്ന് കാണുമ്പോൾ തോന്നുന്ന അത്തരം മൈന്‍ഡ് സെറ്റ് ആണോ കലാകാരൻമാർക്ക് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഞാനൊക്കെ ചെയ്ത് കൊണ്ടിരുന്ന സമയത്ത് ക്യാപ്റ്റൻ സംവിധായകൻ ആണ്. അദ്ദേഹവും പ്രൊഡ്യൂസറും ഒരു ധാരണയിലെത്തിയാണ് അവരുടെ മനസ്സിൽ തെളിയുന്ന മുഖങ്ങളെ വിളിക്കുന്നത്.’ എന്നായിരുന്നു അന്ന് ദിവ്യ ഉണ്ണി നല്‍കിയ മറുപടി.
നമ്മൾ അവിടെ ചെന്നിട്ട് മത്സരം ഒന്നുമില്ല. ആ കഥാപാത്രത്തിൽ അവരെന്താണോ മനസ്സിൽ കാണുന്നത് അത് നമ്മൾ കഴിവിനനുസരിച്ച് പുറത്തേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നു. ഗിവ് ആന്റ് ടേക്ക് ആണ് സിനിമയിൽ എപ്പോഴും ഞാൻ കണ്ടിട്ടുള്ളൂ. അല്ലാതെ ഇങ്ങനെ ഒരു കഥാപാത്രം ലഭിക്കാൻ വേണ്ടിയുള്ള നീക്കങ്ങളുള്ളതായൊെന്നും തോന്നിയിട്ടില്ല. എനിക്ക് തോന്നുന്നില്ല അങ്ങനെ ഒരു കാര്യം ഉണ്ടാവുമെന്ന്. ഒരാളുടെ വർക്ക് കാണുമ്പോൾ ഇത് മനോഹരമാണ് ഇതിലും മേലെ എനിക്ക് ചെയ്യണമെന്ന് എല്ലാ ആർട്ടിസ്റ്റിനും തോന്നുമായിരിക്കും. പക്ഷെ അതല്ലാതെ ഒരു മത്സരമോ അസൂയയോ ആർട്ടിസ്റ്റുകളുടെ മനസ്സിൽ വരില്ലെന്നാണ് തോന്നുന്നതെന്നും ദിവ്യ അന്ന് പറഞ്ഞു.