ഭക്ഷണം കഴിയ്ക്കണമെങ്കില്‍ പോലും ഇന്ന് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വേണം. അതില്‍ നോക്കി ഭക്ഷണം കഴിയ്ക്കാന്‍ വാശി പിടിയ്ക്കുന്ന കുട്ടികളാണ് പലരും.
ചെറുപ്പത്തില്‍ തന്നെ ഇത്തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടാക്കുന്നത് കുട്ടിയുടെ മൊബൈല്‍ അഡിക്ഷന് കൂട്ടുക മാത്രമായിരിയ്ക്കും ചെയ്യുന്നത്. വളരുംതോറും കുട്ടികള്‍ക്ക് ഫോണിനോടുള്ള അഡിക്ഷന് ശക്തമാകുന്നുണ്ട്. കുട്ടികളുടെ ഈ മൊബൈല്‍ അഡിക്ഷന് മാറ്റിയെടുക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം….
* കലാകായിക മേഖല – കുട്ടികളെ ഫോണില്‍ അധിക സമയം ഇരിക്കാന്‍ അനുവദിക്കുന്നതിന് പകരം, അവരെ കലാകായിക മേഖലയില്‍ വ്യാപൃതരായിരിക്കാന്‍ പ്രേരിപ്പിക്കുക. ഇത്തരത്തില്‍ മറ്റ് മേഖലയില്‍ അവര്‍ക്ക് താല്പര്യം ജനിപ്പിക്കുന്നത് ഇവരുടെ ശ്രദ്ധ ഫോണില്‍ നിന്നും കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ, കലാകായിക രംഗങ്ങളില്‍ മക്കളെ ശോഭിപ്പിക്കാനും കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
* പുറത്ത് കളിക്കാന്‍ വിടാം – ഇന്നത്തെ മിക്ക മാതാപിതാക്കളും കുട്ടികളെ പുറത്ത് കളിക്കാന്‍ വിടാതെ, വീട്ടില്‍ തന്നെ അടച്ച് പൂട്ടി വളര്‍ത്തുന്നത് കാണാം. അവര്‍ക്ക് വേണ്ട സാധനങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കി കുട്ടികളെ വീട്ടില്‍ ഒതുക്കുന്നു. എന്നാല്‍, കുട്ടികള്‍ വീട്ടില്‍ തന്നെ ഇരിക്കുമ്ബോള്‍ അവര്‍ക്ക് മൊബൈല്‍ഫോണ്‍ അമിതമായി ഉപയോഗിക്കാനുള്ള ത്വരയും വര്‍ദ്ധിക്കുന്നു. അതിനാല്‍, കുട്ടികളെ വീട്ടില്‍ മാത്രം ഒതുക്കുന്നതിന് പകരം, അവരെ പുറത്ത് കളിക്കാന്‍ വിട്ട് പഠിപ്പിക്കുന്നത് വളരെ നല്ലതാണ്. അവര്‍ക്ക് പുതിയ സൗഹൃദങ്ങള്‍ പുതുക്കാനും അതുപോലെ തന്നെ ഫോണില്‍ നിന്നും ടിവിയില്‍ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കുട്ടികളെ വളരെ ഹെല്‍ത്തിയാക്കി നിലനിര്‍ത്താനും കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് വരെ സഹായിക്കുന്നു.
* വായന – കുട്ടികളെ ഫോണ്‍ നോക്കാന്‍ പഠിപ്പിക്കുന്നതിന് പകരം വായിക്കുന്ന ശീലം പഠിപ്പിക്കുന്നത് കുട്ടികളുടെ അറിവ് വര്‍ദ്ധിപ്പിക്കാനും ഒരു ഭാഷ നല്ലരീതിയില്‍ പഠിച്ചെടുക്കാനും ഇവരെ സഹായിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ബാലസാഹിത്യങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കാവുന്നതാണ്. അതുപോലെ തന്നെ കുട്ടികള്‍ക്ക് പുസ്തകം നോക്കി കഥപറഞ്ഞ് കൊടുക്കുന്നതും അതുപോലെ, കുട്ടികളെകൊണ്ട് കഥകള്‍ പറഞ്ഞ് പഠിപ്പിക്കുന്നതുമെല്ലാം നല്ലതാണ്. ഇത് കുട്ടികള്‍ക്ക് ഫോണിനോടുള്ള താല്പര്യം കുറയ്ക്കാന്‍ സഹായിക്കും.
* പഠിപ്പിച്ച് കൊടുക്കാം – കുട്ടികള്‍ക്ക് നിങ്ങള്‍ ടെക്നോളജി ഉപയോഗിക്കേണ്ട ശരിയായ വിധത്തെ കുറിച്ച് വളരെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ച് കൊടുക്കുന്നത് നല്ലതാണ്. ഇത് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഫോണ്‍ ഉപയോഗിക്കേണ്ടത് എന്തിനാണ് എന്ന ധാരണ വളര്‍ത്തുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ അമിതമായി ഫോണിന്റെ ഉപയോഗം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നതാണ്. മാതാപിതാക്കള്‍ കുട്ടികളുടെ മുന്പില് വെച്ച് അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് കുറയ്ക്കാവുന്നതാണ്.