വീട് വെയ്ക്കുമ്ബോള്‍ അടുക്കളയ്ക്ക് വേണ്ടി ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിയ്ക്കണേ

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്.

ഇന്ന് പലരും വളരെ മനോഹരമായ രീതിയില്‍ തന്നെ അടുക്കള അറേഞ്ച് ചെയ്യാറുണ്ട്. അതോടൊപ്പം തന്നെ തിരക്കുകള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യങ്ങളും അടുക്കളയില്‍ ഒരുക്കാറുമുണ്ട്. വീട് വെയ്ക്കുമ്ബോള്‍ അടുക്കളയ്ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് അറിയാം…..

* ആവശ്യത്തിന് വെളിച്ചം – വീട്ടിലെ മറ്റു മുറികള്‍പോലെ അടുക്കളയില്‍ ഒര ലൈറ്റ് മാത്രം ഉള്‍ക്കൊള്ളിക്കുന്നതാണ് പൊതുരീതി. എന്നാല്‍ അടുക്കളയുടെ ഓരോ ഭാഗത്തും വെളിച്ചമെത്തക്ക രീതിയില്‍ ഒന്നിലധികം ലൈറ്റുകള്‍ ഉള്‍പ്പെടുത്തണം. അടുക്കളയിലെ ഓരോ കോണും എപ്പോഴും ഉപയോഗിക്കേണ്ടി വരുമെന്നതിനാലാണിത്. സ്റ്റൗവ്വിനു മുകളിലും സിങ്കിന് മുകളിലും പ്രത്യേകം ടാസ്‌ക് ലൈറ്റുകള്‍ നല്‍കാം. എല്ലാ ഭാഗത്തും ഒരേപോലെ വെളിച്ചം എത്തുന്നതിനായി അടുക്കളയില്‍ ആംബിയന്റ് ലൈറ്റിങ്ങ് ഉള്‍പ്പെടുത്തുന്നതാണ് ഉചിതം. വ്യത്യസ്ത തരം ലൈറ്റിങ്ങുകള്‍ ഉള്‍പ്പെടുത്തുന്നത് അടുക്കള മനോഹരമാക്കും.

* എല്ലാം കുത്തിനിറയ്ക്കരുത് – പരമാവധി സൗകര്യങ്ങള്‍ അടുക്കളയില്‍ സ്ഥാപിച്ചു കഴിഞ്ഞതിനു ശേഷം അടുക്കളയ്ക്കുള്ളില്‍ സ്ഥലവിസ്തൃതി ഉണ്ടാകുമോ എന്ന കാര്യത്തിന് പലരും പരിഗണന നല്‍കാറില്ല. ക്യാബിനറ്റുകളും ഡ്രോയറുകളും കൃത്യമായി തുറക്കാനും ഒരിടത്തു നിന്നും അടുത്ത ഇടത്തേക്ക് തടസ്സം ഇല്ലാതെ നടന്നു നീങ്ങാനുമുള്ള സ്ഥലം എപ്പോഴും അടുക്കളയില്‍ ഉണ്ടാവണം. ഒന്നിലധികം ആളുകള്‍ക്ക് കൈകാര്യം ചെയ്യാനുള്ള സ്ഥല വിസ്തൃതി ഉറപ്പാക്കിക്കൊണ്ടു വേണം അടുക്കള ഒരുക്കാന്‍. അടുക്കള ഉപകരണങ്ങളും ഫിക്‌സ്ചറുകളും സ്ഥാപിക്കുമ്ബോള്‍ അവ ഏതു സ്ഥാനത്ത് വയ്ക്കണം എന്നതിനെക്കുറിച്ച്‌ കൃത്യമായ പ്ലാനിങ് ഉണ്ടാവണം. തിരഞ്ഞെടുക്കുന്ന ഉപകരണങ്ങള്‍ അടുക്കളയുടെ വലുപ്പത്തിന് യോജിച്ചതാണെന്ന് ഉറപ്പാക്കണം.

* വായു സഞ്ചാരം – കബോര്‍ഡുകളും അടുക്കള ഉപകരണങ്ങളും കൗണ്ടര്‍ ടോപ്പുകളുമടക്കം ധാരാളം വസ്തുക്കള്‍ അടുക്കളയില്‍ ആവശ്യമായി വരും. ഇവ ഉള്‍ക്കൊള്ളിക്കാനുള്ള വ്യഗ്രതയില്‍ വായു സഞ്ചാരം തടസപ്പെടരുത്. അടുക്കളയ്ക്കുള്ളിലെ വായുവിന്റെ ഗുണനിലവാരം പ്രധാനമാണ്. അതിനാല്‍ കൃത്യമായി വായു സഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഉണ്ടാവുന്ന ഗന്ധവും പുകയും വീടിനുള്ളില്‍ തങ്ങിനില്‍ക്കാതെ പുറത്തു പോകത്തക്ക വിധത്തില്‍ വേണം വെന്റിലേഷന്‍ ഒരുക്കാന്‍. കിച്ചന്‍ ഹുഡുകള്‍ തിരഞ്ഞെടുക്കുമ്ബോള്‍ മികച്ച ഗുണനിലവാരം ഉള്ളത് തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

* വൃത്തിയാക്കല്‍ തലവേദയാകരുത് – അടുക്കളയുടെ ഓരോ ഭാഗത്തും ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം നല്‍കി മാത്രം തിരഞ്ഞെടുക്കുക. കാഴ്ചയിലെ ഭംഗി മാത്രം കണക്കിലെടുത്ത് കൗണ്ടര്‍ടോപ്പുകള്‍ക്കും സിങ്കിനുമുള്ള മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുന്നത് ഒരുപക്ഷേ ജോലിഭാരം ഇരട്ടിയാക്കിയെന്ന് വരാം. വൃത്തിയാക്കാന്‍ എളുപ്പമുള്ള മെറ്റീരിയലുകള്‍ തന്നെ തിരഞ്ഞെടുക്കുക. കൗണ്ടര്‍ടോപ്പുകളില്‍ ഗ്രാനൈറ്റ് ക്വാര്‍ട്സ് എന്നിവയും വീട്ടുപകരണങ്ങള്‍ക്കായി സ്റ്റെയിന്‍ലെസ് സ്റ്റീലും ഉപയോഗിക്കുന്നതാണ് ഉചിതം.

* കിച്ചന്‍ ട്രയാങ്കിള്‍ വേണം – അടുക്കളയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മൂന്നു കാര്യങ്ങളാണ് സ്റ്റൗവ്വും സിങ്കും റഫ്രിജറേറ്ററും. ഇവ പരസ്പര അകലത്തില്‍ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടിനിടയാക്കും. സ്റ്റൗ, സിങ്ക്, റഫ്രിജറേറ്റര്‍ എന്നിവ ഒരേപോലെ നടന്നെത്താവുന്ന അകലത്തില്‍ സ്ഥാപിക്കുന്നതിനാണ് കിച്ചന്‍ ട്രയാങ്കിള്‍ എന്നുപറയുന്നത്. ഇക്കാര്യം അടുക്കള ഒരുക്കുമ്ബോള്‍ കൃത്യമായി ശ്രദ്ധിക്കണം. അടുക്കള ജോലി എളുപ്പമാക്കാനും വെള്ളം, ഗ്യാസ്, വൈദ്യുതി എന്നിവ അമിതമായി പാഴായി പോകാതിരിക്കാനും ഇത് ഗുണം ചെയ്യും. സ്റ്റൗവ്വില്‍ നിന്നും സിങ്കിനരികിലേക്കും റഫ്രിജറേറ്ററിനരികിലേക്കും ഒരേ അകലമാകുന്നതാണ് എപ്പോഴും നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *