ഗൾഫ് മലയാളികൾ ഇക്കുറി നാട്ടിലേക്കില്ല; കോഴിക്കോട്-ദുബായ് ചിലവ് 24,500 രൂപയോ?

ദുബായ്: കൂടുതൽ പ്രവാസി മലയാളികളും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന സമയങ്ങളിലൊന്നാണ് ക്രിസ്‌തുമസ്‌-ന്യൂയർ ആഘോഷ വേള. ഓണത്തിനും റംസാനും എന്ന പോലെ തന്നെ ധാരാളം പേരാണ് ഈ സീസണിൽ നാട്ടിലേക്കുള്ള വണ്ടി കയറുന്നത്. കുടുംബത്തോടൊപ്പം അൽപ്പസമയം ചിലവഴിക്കാനും നാടിനെ വീണ്ടും അനുഭവിച്ചറിയാനുമാണ് ഇത്തരത്തിൽ ആഘോഷ സീസണുകളിൽ മലയാളികൾ കൂടുതലായി തിരിച്ചുവരവ് ആഗ്രഹിക്കുന്നത്.

എന്നാൽ നിങ്ങളുടെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ചിലവാക്കി നാട്ടിലേക്ക് പോവാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഒരിക്കലുമില്ല. എന്നാൽ ഈ സീസണിൽ ഗൾഫ് മലയാളികളിൽ ഭൂരിഭാഗവും നേരിടുന്നത് ഈ പ്രതിസന്ധിയാണ്. ന്യൂയർ സമയത്ത് മാത്രം നേരിടുന്ന ഒരു പ്രശ്‌നമായി ഇതിനെ ഒരിക്കലും കാണാനാവില്ല. പ്രവാസികൾ നാട്ടിലേക്ക് പോവാൻ തിരക്ക് കൂട്ടുന്ന ഏതൊരു വേളയിലും അവർക്ക് മുന്നിൽ തടസമായി നിൽക്കുന്നത് ഈ കാര്യമായിരിക്കും.

ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് തിരികെ വരാനുള്ള വിമാനടിക്കറ്റ് റേറ്റിനെ കുറിച്ചാണ് പറഞ്ഞു വന്നത്. കേരളത്തിലേക്ക് ആഘോഷ വേളകളിൽ ആണെങ്കിലും അല്ലാത്തപ്പോഴും ഏറ്റവും കൂടുതൽ പ്രവാസികൾ വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയൊരു പതിവില്ലെന്ന് അറിഞ്ഞോളൂ.

വർഷങ്ങളായി ഉത്സവസീസണുകളിൽ നാടണയാൻ കാത്തിരിക്കുന്ന പ്രവാസികളെ പിഴിയാൻ അതേപോലെ കാത്തിരിക്കുന്ന കൂട്ടരാണ് വിമാനക്കമ്പനികൾ. ഇക്കാര്യത്തിൽ കമ്പനികൾ ഒട്ടും ദയ കാട്ടാറില്ലെന്ന് നമുക്ക് കാണാം. ആവശ്യക്കാരന് ഔചിത്യം ഇല്ലാത്തതിനാൽ നാട്ടിലേക്ക് പോവാൻ എത്ര വില കൊടുത്തും പ്രവാസികൾ തയ്യാറാവും, ഈ വൈകാരികത മുതലെടുത്താണ് കമ്പനികൾ ടിക്കറ്റ് റേറ്റിൽ വൻ വർധന നടപ്പാക്കുന്നത്.

ഇത്തവണയും പതിവ് പോലെ ടിക്കറ്റ് നിരക്കിൽ ഭീമമായ വർധനയാണ് കമ്പനികൾ വരുത്തിയിരിക്കുന്നത്. ചെറിയ വർധനവ് ഒന്നുമല്ല നിരക്കുകളിൽ വരുത്തിയിരിക്കുന്നത്. ക്രിസ്‌തുമസ്, ന്യൂയർ സീസണിലെ തിരക്ക് കണക്കിലെടുത്ത് ഏതാണ്ട് മൂന്നിരട്ടിയോളം വർധനയാണ് വിമാനടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നതെന്ന് പരിശോധിച്ചാൽ നിങ്ങൾക്ക് മനസിലാവും.

യുഎഇ, സൗദി, ഖത്തർ തുടങ്ങിയ പ്രമുഖ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കുള്ള യാത്ര ദുഷ്‌കരമാക്കി കൊണ്ടാണ് വില വർധന ഭീഷണിയാവുന്നത്. പല ട്രാവൽ ഏജൻസികളും തിരക്ക് മുൻകൂട്ടി കണ്ടു ടിക്കറ്റുകൾ കൂട്ടത്തോടെ വാങ്ങി കൂട്ടുന്നതും നിലവിലെ ക്രമാതീതമായ നിരക്ക് വർധനയ്ക്ക് ഒരുപരിധിവരെ കാരണമാവുന്നുണ്ട്.

ഇതോടെ ഗൾഫ് നാടുകളിൽ നിന്ന് കുടുംബമായും ഒറ്റയ്ക്കും ഒക്കെ നാട്ടിലേക്ക് പോവാനിറങ്ങിയ പലരും യാത്ര നീട്ടിവയ്ക്കുകയാണ്. സാധാരണയായി അനുവദിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന ഈ സീസണിൽ വേണമെന്നാണ് പ്രവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യം. ഒരു ലക്ഷത്തോളം യാത്രക്കാരുണ്ടാവുന്ന സീസണിൽ സീറ്റുകൾ 60 ശതമാനത്തോളം മാത്രമാണ് ലഭ്യമാവുക.

അങ്ങനെയുള്ള സമയത്ത് ചാർട്ടേഡ് വിമാനങ്ങൾ, സർവീസ് വർധിപ്പിക്കൽ എന്നിങ്ങനെയുള്ള നടപടികൾ വേണമെന്നാണ് പ്രധാനമായും ഉയരുന്ന മറ്റൊരു ആവശ്യം. ഡിസംബർ മാസത്തിൽ വലിയ വിലയാണ് വിമാന യാത്രക്ക് കൊടുക്കേണ്ടി വരിക. നവംബറിലെ റേറ്റിൽ നിന്നും ഗണ്യമായ വർധനവ് അടുത്ത മാസം നിലവിലുണ്ടാവും.

ദുബായ്-കോഴിക്കോട് 24,500 രൂപ വരെ, ജി​ദ്ദ​-കോ​ഴി​ക്കോ​ട് 40500 വരെ, അ​ബു​ദാ​ബി-കൊ​ച്ചി 31,500 വരെ, ദു​ബാ​യ്-ക​ണ്ണൂ​ർ 24500 വരെയാണ് ടിക്കറ്റ് നിരക്ക്. ഇത് പലർക്കും താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ ഇടപെടൽ തേടി പ്രവാസികൾ രംഗത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *