സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ക്രമക്കേടില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ധനവകുപ്പ്.

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ക്രമക്കേടില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ധനവകുപ്പ്. മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടിയെടുക്കും.

ഇവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകും.

വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച ഉദ്യോഗസ്ഥരും പെന്‍ഷന്‍ അനുവദിച്ച ഉദ്യോഗസ്ഥരും അന്വേഷണം നേരിടേണ്ടിവരും. വിജിലന്‍സ് അന്വേഷണത്തിന് ഭരണ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ധനവകുപ്പ് നിര്‍ദ്ദേശം നല്‍കി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാറും എയര്‍കണ്ടീഷണറും 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിച്ചവരുമെല്ലാം ക്ഷേമ പെന്‍ഷന്‍ പട്ടികയിലുള്ളതായിട്ടാണ് പുറത്തുവരുന്ന വിവരം. ബി.എം.ഡബ്‌ള്യൂ കാര്‍ സ്വന്തമായിട്ടുള്ള ആള്‍ വരെ ക്ഷേമപെന്‍ഷന്‍ പട്ടികയിലുണ്ട്. ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നു. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച്‌ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയേക്കും.

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരാണ്. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനുപിന്നില്‍ അഴിമതിയും ഗുഢാലോചനയും ഉണ്ടെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴൂവന്‍ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്തും. ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും. അനര്‍ഹരെ മുഴുവന്‍ പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ് ധനവകുപ്പിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *