ടെൽ അവീവ്: ലെബനനിലെ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അങ്ങനെ സംഭവിച്ചാൽ തീവ്രമായ യുദ്ധം നേരിടേണ്ടി വരുമെന്നാണ് നെതന്യാഹു ഹിസ്ബുള്ളയ്ക്ക് നൽകിയ മുന്നറിയിപ്പ്. വെടിനിർത്തൽ കരാർ രണ്ട് ദിവസം പിന്നിടുമ്പോഴാണ് നെതന്യാഹുവിന്റെ ഭീഷണി വന്നിരിക്കുന്നത്.
മണിക്കൂറുകൾക്ക് മുമ്പ്, തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രം ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. അവിടെ ഭീകര പ്രവർത്തനം നടക്കുന്നതായി മനസിലാക്കിയതായാണ് ഇസ്രായേൽ ആരോപിച്ചത്. ബുധനാഴ്‌ച പുലർച്ചയോടെയാണ് മേഖലയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്.
ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിന് ഇത് താൽക്കാലിക ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇസ്രായേൽ ഇക്കാര്യത്തിൽ ഒട്ടും തൃപ്‌തരല്ലെന്ന് വ്യക്തമാക്കുന്നതാണ് നെതന്യാഹുവിന്റെ പുതിയ അഭിപ്രായപ്രകടനം. എന്തെങ്കിലും തരത്തിലുള്ള കരാർ ലംഘനം ഉണ്ടായാൽ തീവ്ര യുദ്ധത്തിന് സൈന്യത്തോട് നിർദ്ദേശിക്കുമെന്നാണ് നെതന്യാഹു പറയുന്നത്.
ഇസ്രായേലിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബെഞ്ചമിൻ നെതന്യാഹു. തെക്കൻ ലെബനനിൽ മിഡ് റേഞ്ച് റോക്കറ്റുകൾ സൂക്ഷിക്കാൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന കേന്ദ്രത്തിൽ തീവ്രവാദ പ്രവർത്തനം തിരിച്ചറിഞ്ഞുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചതിന് പിന്നലെയായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.
ലെബനനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് ഇസ്രായേലിന്റെ മുൻനിര സഖ്യകക്ഷികളായ അമേരിക്കയും ഫ്രാൻസും ചേർന്നാണ് മുൻകൈയെടുത്തത്. ഇരുസൈന്യങ്ങളും പിൻവാങ്ങൽ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായാൽ മേഖല വീണ്ടും സംഘർഷ ഭരിതമാവും എന്നതാണ് നെതന്യാഹുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്
അതിനിടെ ലെബനൻ ദേശീയ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് അതിർത്തി ഗ്രാമത്തിൽ ഇസ്രായേലി വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ച് തെക്കൻ ലെബനനിലെ നിരവധി പ്രദേശങ്ങളിലേക്ക് വാഹനങ്ങളുമായി സംശയാസ്‌പദ സാഹചര്യത്തിൽ എത്തിയവരെ തിരിച്ചറിഞ്ഞതായി ഇസ്രായേൽ സൈന്യം പറയുന്നു.
അവർക്ക് നേരെയാണ് വെടിയുതിർത്തെന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്. തെക്കൻ ലെബനനിൽ തുടരുകയും വെടിനിർത്തൽ കരാർ ലംഘനങ്ങൾ സജീവമായി പരിശോധിക്കുകയും ചെയ്യുമെന്നാണ് ഇസ്രായേൽ സൈന്യം അറിയിക്കുന്നത്. എങ്കിലും മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെടിനിർത്തൽ നടപ്പിലാക്കിയ സാഹചര്യമാണ് നിലവിലുള്ളത്.
ഇസ്രായേൽ സൈന്യത്തിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്ക് മുന്നേറാതെ, ലിറ്റാനി നദിക്ക് തെക്ക് ഭാഗത്ത് തങ്ങളുടെ സൈന്യം പട്രോളിംഗ് നടത്തുകയും ചെക്ക്‌പോസ്‌റ്റുകൾ സ്ഥാപിക്കുകയും ചെയ്യുക മാത്രമാണ് നിലവിലെന്നാണ് ലെബനീസ് സൈനിക കേന്ദ്രങ്ങളുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. നിലവിലെ വെടിനിർത്തലിന്റെ ആശ്വാസത്തിലാണ് രാജ്യത്തെ ജനങ്ങൾ